കാഠ്‌മണ്ഡു: നേപ്പാളിൽ പുതുതായി 79 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചതോടെ രാജ്യത്തിലെ മൊത്തം രോഗബാധിതരുടെ എണ്ണം 682 ആയി ഉയർന്നു. നേപ്പാളിൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തതിനാൽ രാജ്യത്ത് കൊവിഡ് ബാധിതർ വർധിക്കുന്നതിന് കാരണം അയൽരാജ്യമായ ഇന്ത്യയാണെന്നും നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമാ ഒലി കുറ്റപ്പെടുത്തി. പരിശോധനകൾ ഒന്നുമില്ലാതെയാണ് ഇന്ത്യയിൽ നിന്നും ആളുകൾ എത്തുന്നതെന്നും ഇവർ വൈറസ് വ്യാപനത്തിന് കാരണമാകുന്നുവെന്നും നേപ്പാൾ പ്രധാനമന്ത്രി ആരോപിച്ചു.
ദക്ഷിണ ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നേപ്പാളിന്‍റെ മരണനിരക്ക് വളരെ കുറവാണ്. എങ്കിലും രാജ്യത്ത് വൈറസ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചുപൂട്ടാനും നേപ്പാൾ ഗവൺമെന്‍റ് തീരുമാനിച്ചിട്ടുണ്ട്. അംഗീകൃത പാസുകൾ ഉണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ സഞ്ചരിക്കുന്നവർക്ക് തലസ്ഥാന നഗരിയിൽ നിന്നും പുറത്തുപോകുന്നതിലും അകത്തേക്ക് കടക്കുന്നതിലും നിയന്ത്രണമേർപ്പെടുത്തിയതായും നേപ്പാൾ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അത്യാഹിത വിഭാഗത്തിലുള്ള വാഹനങ്ങൾക്കും ആവശ്യ സാധനങ്ങളുമായി പോകുന്ന വാഹനങ്ങൾക്കും മാത്രമായിരിക്കും ഇനി മുതൽ കാഠ്‌മണ്ഡുവിലേക്ക് പ്രവേശിക്കാൻ സാധിക്കുക. രാജ്യത്ത് ഇതുവരെ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.