പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മത പരിവർത്തനം നടത്തിയ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 21നാണ് സഹോദരിമാരായ റീനയെയും റവീനയെയും സിന്ധിലെ വീട്ടിൽ നിന്നും സംഘം തട്ടിക്കൊണ്ടുപോയത്. 16ഉം 14ഉം വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടികളെ നിർബന്ധിതമായി വിവാഹം കഴിപ്പിക്കുകയും ഹിന്ദുക്കളായ ഇവരെ ഇസ്ലാം മതത്തിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
18 വയസ്സു തികയാത്ത കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമപരമായി തെറ്റാണെന്നും കുട്ടികളെ എത്രയും പെട്ടെന്ന് തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നതോടെയാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മത പരിവർത്തനം നടത്തിയെന്ന് കുട്ടികളുടെ പിതാവ് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പ്രശ്നത്തിൽ അടിയന്തര നടപടി എടുക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷ സമൂഹത്തിന്‍റെ സുരക്ഷയിലും ക്ഷേമത്തിലും സർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു.