ഇസ്‌ലാമാബാദ്: തെരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം ജുഡീഷ്യല്‍ കമ്മീഷന് കൈമാറാമെന്ന ഇമ്രാന്‍ ഖാന്‍റെ നിലപാടിനെ തള്ളി പ്രതിപക്ഷം. പുതിയ തെരഞ്ഞടുപ്പ് അല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും പ്രതിപക്ഷം തയ്യാറല്ലെന്ന് ജെയുഐഎഫ് മേധാവി മൗലാന ഫസ്‌ലുര്‍ റഹ്മാൻ പറഞ്ഞു. ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി ഇല്ലാതാക്കാൻ സർക്കാർ പ്രതിപക്ഷവുമായി ചർച്ചക്ക് ശ്രമിക്കുകയാണെന്ന് പ്രതിരോധമന്ത്രി പർവേസ് ഖട്ടക് പറഞ്ഞു. എന്നാൽ സർക്കാരും പ്രതിപക്ഷത്തിൻ്റെ റഹ്ബാർ കമ്മിറ്റിയും തമ്മിലുള്ള രണ്ടാംഘട്ട ചർച്ച സമവായത്തിലെത്തിയില്ലെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇമ്രാന്‍ ഖാന്‍ രാജിവച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എന്നാൽ രാജി ആവശ്യം ഒഴികെ ആസാദി മാർച്ച് പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാൻ തയ്യാറാണെന്ന് ഇമ്രാന്‍ ഖാൻ പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യത്തെയും പാകിസ്ഥാനെയും സംരക്ഷിക്കാൻ ആണ് ഈ നീക്കമെന്ന് ഫസ്‌ലുർ റഹ്മാൻ പറഞ്ഞു. പ്രതിപക്ഷത്തിൻ്റെ സമ്മർദത്തിന് താൻ വഴങ്ങില്ലെന്നും രാജിവെക്കില്ലെന്നും ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.