ഇസ്ലാമാബാദ്: ജമ്മു കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷിയോഗം വെറും നാടകമാണെന്നും പിആർ അഭ്യാസമാണെന്നും പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നതാണ് കേന്ദ്രത്തിന്‍റെ മുൻഗണനയെന്നും അതിനായി തെരഞ്ഞെടുപ്പ് വേഗത്തിൽ നടക്കേണ്ടതായും ഉണ്ടെന്നും വ്യാഴാഴ്ചത്തെ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
2019 ഓഗസ്റ്റ് 5ന് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ 2 കേന്ദ്ര ഭരണപ്രദേശങ്ങലായി വിഭജിക്കുകയും ചെയ്തതിന് ശേഷം ആദ്യമായാണ് നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തിയത്.
വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ്, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, മുൻ മുഖ്യമന്ത്രിമാരായ ഗുലാം നബി ആസാദ്, മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്‌ദുല്ല തുടങ്ങിയവർ പങ്കെടുത്തിരുന്നു.
സർവകക്ഷിയോഗം വെറും 'നാടകം'
“എന്‍റെ കാഴ്ചപ്പാടിൽ, ഇത് ഒരു നാടകമായിരുന്നു. എന്തിനാണ് ഇങ്ങനെ ഒരു നാടകം? ഇത് വെറുമൊരു പിആർ അഭ്യാസം മാത്രമായിരുന്നു. യോഗത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതുമില്ല” ഖുറേഷി പറഞ്ഞു. നേതാക്കൾ ഏകകണ്ഠമായി ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അത് അവഗണിക്കുകയാണ് കേന്ദ്രം ചെയ്തതെന്നും ഖുറേഷി കൂട്ടിച്ചേർത്തു.
"നേതാക്കൾളുടെ ആവശ്യത്തിന് മറുപടി നൽകിയില്ല എന്ന് മാത്രമല്ല പകരം കശ്മീരിലെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ച് ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് കേന്ദ്രം പറഞ്ഞത്. ഇത് അവ്യക്തമായ പ്രസ്താവനയാണ്,”അദ്ദേഹം പറഞ്ഞു. ഓൾ പാർട്ടീസ് ഹുറിയത്ത് കോൺഫറൻസ് (എപിഎച്ച്സി) നേതൃത്വത്തെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ പാക് സംഘർഷം
2019 ഓഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതു മുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു. ഇന്ത്യയുടെ തീരുമാനം പാകിസ്ഥാനിൽ നിന്ന് ശക്തമായ പ്രതികരണങ്ങൾ ഉളവാക്കി. ഇത് നയതന്ത്ര ബന്ധങ്ങളെ ബാധിച്ചു. ഇതേ തുടർന്ന് ഇന്ത്യൻ സ്ഥാനപതിയെ പാകിസ്ഥാൻ പുറത്താക്കുകയും ചെയ്തിരുന്നു.
Also Read: ജമ്മു കശ്മീര്‍ വീണ്ടും സംസ്ഥാനം; 'പ്രത്യേക പദവി' തീരുമാനമായില്ല
കശ്മീരിന് പ്രത്യേക പദവി തിരികെ നൽകാതെ ഇന്ത്യാ–പാക് ബന്ധം ശരിയായ രീതിയിലാകില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. സമാധാനമുണ്ടായാൽ മാത്രമേ പ്രദേശത്ത് അഭിവൃദ്ധിയുണ്ടാകൂവെന്നും പാക് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു.
കശ്മീർ ആഭ്യന്തര വിഷയം
ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അന്താരാഷ്ട്ര സമൂഹത്തോട് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും സ്വന്തം പ്രശ്‌നങ്ങൾ പരിഹരിക്കാൻ രാജ്യത്തിന് കഴിവുണ്ടെന്നും ഇന്ത്യ ആവർത്തിച്ച് പ്രതികരിച്ചിരുന്നു.