സിയോൾ/ ഉത്തര കൊറിയ : ട്രെയിനിൽ നിന്ന് പരീക്ഷിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകൾ ബൈഡൻ ഭരണകൂടം ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്കെതിരായ പ്രത്യക്ഷ പ്രതികാരമെന്ന് ഉത്തര കൊറിയ. രണ്ട് ഉത്തരകൊറിയൻ മിസൈലുകൾ കടലിലേക്ക് തൊടുത്തുവിടുന്നത് കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് ഉത്തര കൊറിയ സ്ഥിരീകരണവുമായി രംഗത്തെത്തിയത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഉത്തര കൊറിയ മിസൈൽ പരീക്ഷണംനടത്തുന്നത്.
മിസൈല്‍ പരീക്ഷണങ്ങളെ തുടര്‍ന്ന് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധ നടപടികളെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവന ഇറക്കിയിരുന്നു. വാഷിങ്‌ടൺ ഏറ്റുമുട്ടൽ നിലപാട് തുടരുകയാണെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ പറയുന്നു. ഇത് പുറത്തുവന്ന് മണിക്കൂറുകൾക്കകമായിരുന്നു ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം.
കൊവിഡുമായി ബന്ധപ്പെട്ട് അതിർത്തിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും അമേരിക്കയുമായുള്ള ആണവ നയതന്ത്രത്തിന്‍റെ മരവിപ്പിക്കലും നിലനിൽക്കുന്നതിനിടയിലാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ. നിയന്ത്രണങ്ങളിൽ ഇളവുകൾക്കായുള്ള ചർച്ചകൾക്ക് മുൻപ് മിസൈൽ വിക്ഷേപണങ്ങളും ഭീഷണികളും കൊണ്ട് അമേരിക്കയെയും മറ്റ് അയൽരാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കാനുള്ള ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ തന്ത്രമാണിതെന്ന് വിദഗ്‌ധർ പറയുന്നു.
ഉത്തരകൊറിയൻ മിസൈൽ പദ്ധതികൾക്കായി ഉപകരണങ്ങളും സാങ്കേതിക വിദ്യയും നേടിയതിന്‍റെ പേരിൽ അഞ്ച് ഉത്തരകൊറിയക്കാർക്ക് ബുധനാഴ്‌ച അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ചൊവ്വാഴ്‌ച നടന്ന ഹൈപ്പർസോണിക് മിസൈലിന്‍റെ പരീക്ഷണത്തിന് കിം മേൽനോട്ടം വഹിച്ചിരുന്നു. രാജ്യത്തിന്‍റെ ആണവ പ്രതിരോധം വർധിപ്പിക്കുമെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.
ഉത്തര കൊറിയൻ ദിനപത്രമായ റോഡോങ് സിൻമുൻ മിസൈൽ പരീക്ഷണത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. 2019ലാണ് ആദ്യമായി ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കുന്നത്. താഴ്‌ന്ന ഉയരത്തിൽ പോകുന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ ഈ മിസൈൽ മറ്റ് മിസൈൽ സംവിധാനങ്ങളെ വളരെ എളുപ്പം നശിപ്പിക്കാൻ ശേഷിയുള്ളതാണ്.
കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് ഉത്തര കൊറിയ ആദ്യമായി ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തുന്നത്. ട്രെയിനിൽ നിന്ന് തൊടുക്കുമ്പോൾ മിസൈലിന്‍റെ വേഗത വർധിക്കും. എന്നാൽ ഉത്തര കൊറിയയുടെ താരതമ്യേന ചെറിയ പ്രദേശത്ത് കൂടി പോകുന്ന റെയിൽ ശ്യംഖലകൾ യുദ്ധഘട്ടങ്ങളിൽ വളരെ വേഗം ശത്രുക്കൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ പറയുന്നു.