കാഠ്മണ്ഡു: നേപ്പാളിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. സിന്ധുപാൽചോക്ക് ജില്ലയിൽ 29 വയസുള്ള യുവതിയാണ് മരിച്ചത്. മെയ് ആറിന് ഇവർക്ക് കുഞ്ഞ് ജനിച്ചിരുന്നു. അമ്മയുടേയും കുഞ്ഞിന്‍റെയും ആരോഗ്യ സ്ഥിതി സാധാരണ നിലയിൽ ആയതിനാൽ മെയ് ഏഴിന് ഇവരെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് യുവതി സിന്ധുപാൽചോക്കിലെ ഗ്രാമത്തിലേക്ക് മടങ്ങി.
വീട്ടിൽ തിരിച്ചെത്തിയ യുവതിക്ക് പനിയും ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് മെയ് 14ന് ധുലിക്കേൽ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് യുവതി മരിച്ചത്. കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതിനാൽ മരണ ശേഷം നടത്തിയ പരിശോധനയിൽ യുവതിക്ക് കൊവിഡ് ബാധിച്ചിരുന്നതായി തെളിഞ്ഞു.
അതേസമയം രാജ്യത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 ഉം 65 ഉം വയസ് പ്രായമുള്ള പുരുഷന്മാർക്കാണ് രോഗ ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ നേപ്പാളിലെ കൊവിഡ് ബാധിതരുടെ എണ്ണം 281 ആയി.