കാഠ്‌മണ്ഡു: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കാഠ്‌മണ്ഡുവിലും പരിസര ജില്ലകളിലും ലോക്ക്‌ഡൗൺ മെയ് 12 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,660 പുതിയ കേസുകളാണ് നേപ്പാളിൽ റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. 55 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.
കാഠ്‌മണ്ഡു താഴ്‌വരയിൽ നിലവിലുള്ള നിരോധനാജ്ഞകൾ മെയ് 12 വരെ നീട്ടിയതായി പ്രാദേശിക അധികാരികൾ അറിയിച്ചു. കൂടാതെ കാഠ്‌മണ്ഡു, ലളിത്പൂർ, ഭക്തപൂർ എന്നീ മൂന്ന് ജില്ലകളിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടാനുള്ള തീരുമാനവും നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ലോക്ക്ഡൗണിന്‍റെ ആദ്യ ഘട്ടം ബുധനാഴ്‌ച അർദ്ധരാത്രി അവസാനിക്കും.
ലോക്ക്‌ഡൗണിനോടനുബന്ധിച്ച് അവശ്യസേവനങ്ങൾ ഒഴികെയുള്ള എല്ലാ ഗതാഗത സേവനങ്ങളും അടച്ചുപൂട്ടുകയും വിപണികൾ നിർത്തലാക്കുകയും ചെയ്യും. പലചരക്ക് കടകൾക്ക് രാവിലെ 7 നും 9 നും ഇടയിൽ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്നും അധികൃതർ അറിയിച്ചു.
രണ്ടാം തരംഗം പൊട്ടിപ്പുറപ്പെട്ടതോടെ ഏപ്രിൽ 29 മുതൽ കാഠ്‌മണ്ഡു താഴ്‌വരയിലും മറ്റ് ചില ജില്ലകളിലും നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാജ്യത്തുടനീളമുള്ള 77 ജില്ലകളിൽ 42 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ ആഭ്യന്തര വിമാന സർവീസുകളും നിർത്തലാക്കി. വ്യാഴാഴ്‌ച മുതൽ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവയ്ക്കും.