ഇസ്‌ലാമാബാദ്: കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിബന്ധനകളുടെ അടിസ്ഥാനത്തിൽ റമദാൻ മാസത്തിൽ പള്ളികൾ തുറക്കുമെന്ന് പാകിസ്ഥാൻ. രാജ്യത്ത് ഇതുവരെ 7,500ലധികം പേർക്ക് കൊവിഡ് ബാധിച്ച് കഴിഞ്ഞു. പള്ളികൾ റമദാൻ സമയത്ത് തുറന്നിരിക്കുമെന്നും ആളുകൾ കർശനമായ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പാകിസ്ഥാൻ പ്രസിഡന്‍റ് ആരിഫ് അൽവി അറിയിച്ചു.
മതപണ്ഡിതന്മാർ, രാഷ്‌ട്രീയ നേതാക്കന്മാർ, വിവിധ സർക്കാരുകൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു. സഭാ പ്രാർഥന സംബന്ധിച്ച തീരുമാനം ഏകീകൃതമായി എടുക്കുമെന്ന് മതകാര്യ മന്ത്രി നൂറുൽ ഹഖ് ഖാദ്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പള്ളികളിലെ സഭാ പ്രാർഥനക്കുള്ള നിയന്ത്രണങ്ങൾ നീക്കണമെന്ന് മതനേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പുണ്യമാസമായ റമദാൻ ഏപ്രിൽ 24 വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുമെന്നാണ് നിഗമനം.
പാകിസ്ഥാനിൽ ആകെ 7,516 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചാബ് പ്രവിശ്യയിൽ 3,410, സിന്ധ് പ്രവിശ്യയിൽ 2,217, ഖൈബർ-പഖ്‌തുൻഖ്വയിൽ 1,077, ബലൂചിസ്ഥാനിൽ 351, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 250, ഇസ്ലാമാബാദിൽ 163, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ 48 എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 143 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.