ബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്ത് നഗരത്തില്‍ ഉണ്ടായ സ്ഫോടനത്തിനെ തുടർന്ന് ലെബനൻ മന്ത്രിസഭ രാജിവെച്ചു. അപകടത്തെ തുടർന്ന് സമ്മർദത്തിലായ മന്ത്രിമാർ രാജിവെക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി സർക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയായിരുന്നു.
സർക്കാർ രാജിവെച്ചെന്നും പ്രധാനമന്ത്രി ഹസ്സൻ ഡയബ് രാഷ്ട്രപതിക്ക് രാജിക്കത്ത് സമർപ്പിക്കുമെന്നും ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ വ്യക്തമാക്കി. ബെയ്‌റൂത്ത് തുറമുഖ വെയർഹൗസിൽ ആറുവർഷമായി സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് ഓഗസ്റ്റ് നാലിന് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 158 പേർ മരിക്കുകയും 6,000 പേർക്ക് പരിക്കേൽക്കുകയുമായിരുന്നു. തുടർന്ന് നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ 490 പേർക്ക് പരിക്കേറ്റിരുന്നു.