ലാഹോര്‍ : രാജ്യദ്രോഹക്കേസിൽ ചുമത്തിയ വധ ശിക്ഷക്കെതിരെ പാകിസ്ഥാന്‍ മുൻ പ്രസിഡന്‍റ് പർവേസ് മുഷറഫ് നല്‍കിയ അപേക്ഷ ലാഹോർ ഹൈക്കോടതി മടക്കി അയച്ചു. ശീതകാല അവധിക്കാലമായതിനാല്‍ ഫുൾ ബെഞ്ച് ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫിന്‍റെ അപേക്ഷ മടക്കിയത് . മുഷറഫിന്‍റെ കേസ് പരിഗണിക്കുന്ന ഫുള്‍ ബെഞ്ച് ശീതകാല അവധിക്കാലത്ത് ലഭ്യമല്ലാത്തതിനാലാണ് കോടതി അപേക്ഷ മടക്കി അയക്കുന്നതെന്ന് കോടതി രജിസ്ട്രാർ ഓഫീസ് അറിയിച്ചു.
ഇതോടെ അപേക്ഷ ജനുവരി ആദ്യ വാരം വീണ്ടും സമർപ്പിക്കുമെന്ന് മുഷറഫിന്‍റെ വക്കീല്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് സർദാർ മുഹമ്മദ് ഷമീം ഖാൻ 2020 ജനുവരി 9 ന് കേസ് പരിഗണിക്കാനിരിക്കെയാണ് സംഭവം. രാജ്യദ്രോഹക്കുറ്റം ചുമത്തി മുന്‍ പട്ടാള മേധാവി ജനറലും പ്രസിഡന്‍റുമായിരുന്ന പര്‍വേസ് മുഷറഫിന് പാകിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ദുബൈയിലാണ് മുഷറഫ്.
നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ കോടതി വിധിയാണ് ഇതെന്നും വധശിക്ഷ മാറ്റിവെക്കണമെന്നും 85 പേജുള്ള അപേക്ഷയിൽ മുഷറഫ് ആവശ്യപ്പെട്ടിരുന്നു. തന്‍റെ ഭാഗം വ്യക്തമാക്കാൻ അവസരം നല്‍കിയില്ലെന്നും അദ്ദേഹം അപേക്ഷയില്‍ ആരോപിക്കുന്നു.