ടോക്കിയോ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് രോഗബാധ ജപ്പാനിൽ റിപ്പോർട്ട് ചെയ്തു. ഡിസംബർ 19ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ജപ്പാനിലെത്തി കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സ്‌ത്രീയിലാണ് പുതിയ വൈറസ് സ്ഥിരീകരിച്ചത്. യുകെയിൽ പുതിയതായി സ്ഥിരീകരിച്ച വൈറസിന്‍റെ ആറ് വക ഭേദങ്ങളും ജപ്പാനിൽ റിപ്പോർട്ട് ചെയ്തു. ജപ്പാനിൽ നിലവിൽ 15 പേർക്കാണ് പുതിയ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസ പുതിയ കൊവിഡ് വൈറസിനെതിരെ കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നിലവിൽ രാജ്യത്ത് ഏർപ്പെടുത്തിയ കർഫ്യൂ കാലാവധി നീട്ടി. എല്ലാവരും മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കി. വളരെ വേഗത്തിൽ പകരുന്ന പുതിയ തരം വൈറസുകളെ തടയാനായി പല രാജ്യങ്ങളും യുകെയിലേക്കും തിരിച്ചുമുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചു.