ടോക്കിയോ: ദക്ഷിണ ചൈന കടലില്‍ ചൈനീസ് സാന്നിധ്യം ശക്തപ്പെടുന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയുമായി പ്രതിരോധ കരാറിലേര്‍പ്പെടാനൊരുങ്ങി ജപ്പാൻ. ചൊവ്വാഴ്‌ച പുതിയ കരാറില്‍ ഒപ്പിടുമെന്ന് ജപ്പാൻ പ്രധാനമന്ത്രി യാഷിഹൈഡ് സുഗ പറഞ്ഞു. കരാര്‍ രൂപീകരണത്തിനായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ചൊവ്വാഴ്‌ച രാവിലെ ജപ്പാനിലെത്തുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്താനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദക്ഷിണ ചൈന കടലില്‍ തന്നെയാകും ഇരു രാജ്യങ്ങളുടെയും ശക്തിപ്രകടനം.
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം ചില പ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ശക്തമായ കരാറിലേര്‍പ്പെടണമെങ്കില്‍ ഇരു രാജ്യങ്ങളിലെയും നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനുള്ള നീക്കങ്ങള്‍ നടക്കുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ദക്ഷിണ ചൈന കടലില്‍ ചൈന അധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനെ പ്രതിരോധിക്കാൻ അമേരിക്കയും രംഗത്തുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തിനിടെ മേഖലയില്‍ തങ്ങള്‍ക്കുള്ള സ്വാധീനം നഷ്‌ടപ്പെടുമോയെന്ന ആശങ്കയാണ് ജപ്പാനെ പുതിയ കരാറുകള്‍ രൂപീകരിക്കാൻ പ്രേരിപ്പിക്കുന്നത്. അതേസമയം അമേരിക്കയുമായി സഹകരിക്കാനും ജപ്പാൻ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കങ്ങള്‍ക്ക് ജപ്പാൻ പിന്തുണ നല്‍കിയിട്ടുണ്ട്.