ടെഹ്‌റാന്‍: ഇറാനിലെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഉക്രൈനിയന്‍ വിമാനാപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയെ ക്ഷണിച്ച് ഇറാന്‍. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്‌റ്റി ബോര്‍ഡി(എൻടിഎസ്ബി)നെയാണ് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഇറാന്‍ സ്വാഗതം ചെയ്‌തത്. ജനുവരി എട്ടിനായിരുന്നു ഇമാം ഖുമൈനി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ഉക്രൈനിയന്‍ തലസ്ഥാനമായ കിയെവിലേക്കുള്ള യാത്രക്കിടെ 176 പേര്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ജീവനക്കാര്‍ ഉൾപ്പെടെ മുഴുവന്‍ പേരും കൊല്ലപ്പെട്ടു. എന്നാല്‍ ഇറാനെതിരായ യുഎസ് ഉപരോധത്തിന്‍റെ സാഹചര്യത്തില്‍ അന്വേഷണത്തിന് എൻടിഎസ്ബിയുടെ പങ്ക് പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ ഏവിയേഷൻ ഓർഗനൈസേഷൻ നിശ്ചയിച്ച നിയമങ്ങൾ അനുസരിച്ച്, അപകടത്തില്‍പ്പെട്ട ബോയിങ് 737-800 വിമാനം രൂപകല്‍പന ചെയ്‌തത് അമേരിക്കയില്‍ വെച്ചായതിനാല്‍ എൻടിഎസ്ബിക്ക് അന്വേഷണത്തിൽ പങ്കെടുക്കാൻ അർഹതയുണ്ട്. ഇറാനിയന്‍ മിസൈലാണ് അപടത്തിന് കാരണമെന്നാണ് അമേരിക്കന്‍, ബ്രിട്ടീഷ്, കനേഡിയന്‍ ഉദ്യോഗസ്ഥരുടെ വാദം. എന്നാല്‍ അപകടത്തിന്‍റെ കാരണം വിലയിരുത്താന്‍ തയ്യാറല്ലെന്ന് എൻടിഎസ്ബി അറിയിച്ചു.