ഗല്‍വാനില്‍ മഞ്ഞുരുകുമോ? ഇന്ത്യ- ചൈന പ്രതിരോധ മന്ത്രിമാര്‍ മോസ്കോയിലേക്ക് - മധ്യസ്ഥത
മോസ്കോയില്‍ ജൂണ്‍ 24ന് നടക്കുന്ന ഗ്രേറ്റ് വിക്ടറി ഡേ മിലിട്ടറി പരേഡിലാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി വേയ് ഫെംഗയുമാണ് ഒരു മേശയ്ക്ക് ഇരുപുറവും വരുന്നത്. സെർജി ഷോയിഗുവിന്‍റെ നേതൃത്വത്തിലാകും പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച.

ന്യൂഡൽഹി: ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ മുഖാമുഖം കാണുന്നു. മോസ്കോയില്‍ ജൂണ്‍ 24ന് നടക്കുന്ന ഗ്രേറ്റ് വിക്ടറി ഡേ മിലിട്ടറി പരേഡിലാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനീസ് പ്രതിരോധ മന്ത്രി വേയ് ഫെംഗയുമാണ് ഒരു മേശയ്ക്ക് ഇരുപുറവും വരുന്നത്.
സെർജി ഷോയിഗുവിന്‍റെ നേതൃത്വത്തിലാകും പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച. എന്നാല്‍ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇ.ടി.വി ഭാരതിനോട് പ്രതികരിച്ചു. ഇതിനുള്ള അവസരങ്ങള്‍ റഷ്യ ഒരുക്കും. രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിക്കുമേൽ സോവിയറ്റ് റഷ്യ വിജയം നേടിയതിന്‍റെ 75-ാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാനാണ് ഇരു നേതാക്കളും മോസ്കോയില്‍ എത്തുന്നത്. മോസ്‌കോയിൽ 24നു നടക്കുന്ന മിലിട്ടറി പരേഡിൽ രാജ്‌നാഥ് സിംഗ് പങ്കെടുക്കുമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് മന്ത്രി വാങ് യി യും ജൂണ്‍ 23ന് നേരില്‍ കാണും. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവാക് ഇരുവര്‍ക്കുമിടയില്‍ മധ്യസ്ഥത വഹിക്കും. ഇരു രാജ്യങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന റഷ്യ മധ്യസ്ഥതയ്ക്കുള്ള ശ്രമമാണ് നടത്തുന്നത്. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും ശ്രമം നടത്തുന്നുണ്ട്.
എന്നാല്‍ ഇതിനെ മറികടക്കുന്ന രീതിയിലാണ് രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നപരിഹാരത്തിന് റഷ്യ തന്നെ മുന്‍കൈയെടുക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് സൈനികമായ പരിഹാരത്തിന് പകരം രാഷ്ട്രീയ നയതന്ത്ര തലത്തിലുള്ള പരിഹാരമാണ് റഷ്യ ലക്ഷ്യം വെക്കുന്നത്. ഗ്രേറ്റ് വിക്ടറി ഡേ മിലിട്ടറി പരേഡിനു സാക്ഷിയാകാനെത്തുന്ന ഇന്ത്യയുടെ പ്രതിരോധമന്ത്രിക്ക് ശുഭയാത്ര നേരുന്നുവെന്ന് റഷ്യൻ അംബാസിഡർ നികോളെ കുദ്‌ഷെവ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യ -ചൈന അതിർത്തി സംഘർഷത്തിനിടയിലെ പ്രതിരോധമന്ത്രിയുടെ റഷ്യൻ സന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്നുവെന്നാണ് റിപ്പോർട്ട്.
രണ്ടാം ലോക മഹായുദ്ധ വിജയ ദിനത്തിന്‍റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍- ചൈനീസ് സേനകള്‍ അണിനിരക്കുന്നുണ്ട്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഷ്യയിലെ 13 രാഷ്ട്രങ്ങളുടെ സൈന്യം പരേഡില്‍ പങ്കെടുക്കും. 75 പേര്‍ അടങ്ങുന്ന ഇന്ത്യന്‍ എയര്‍ ഫോഴ്സിന്‍റെ 75 അംഗ സേന പരേഡിനായി റഷ്യയിലെത്തും. ചൈനയുടെ 105 അംഗ സേന നിലവില്‍ മോസ്കോയില്‍ എത്തിക്കഴിഞ്ഞു.