ബെയ്റൂട്ട്: വടക്കൻ ലെബനനിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 20പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. ഞായറാഴ്‌ച പുലർച്ചെ ലെബനനിലെ അക്കാർ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവിടെ നിന്ന് 20 മൃതദേഹങ്ങൾ കണ്ടെടുത്തതായും പരിക്കേറ്റ 79 പേരെ ഒഴിപ്പിച്ചതായും ലെബനീസ് റെഡ് ക്രോസ് അറിയിച്ചു.
സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകണമെന്ന് ലെബനൻ ആരോഗ്യ മന്ത്രി ഹമദ് ഹസ്സൻ ബെയ്‌റൂട്ടിലെയും വടക്കൻ ലെബനനിലേയും മുഴുവൻ ആശുപത്രികളോടും ആവശ്യപ്പെട്ടു. ഇവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കറാച്ചിയില്‍ ട്രക്കിന് നേരെ ഗ്രനേഡ് ആക്രമണം; കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു
കള്ളക്കടത്ത്, പൂഴ്ത്തിവയ്പ്പ്, ഇറക്കുമതി ചെയ്‌ത ഇന്ധനം വിതരണം ചെയ്യുന്നതിലെ സർക്കാരിന്‍റെ കെടുകാര്യസ്ഥ എന്നിവ കാരണം ഇന്ധന ക്ഷാമം നേരിടുന്നതിനിടെയാണ് സ്ഫോടനം.
പൊട്ടിത്തെറിച്ച ടാങ്കറിനുള്ളിലെ ഇന്ധനം സിറിയയിലേക്ക് കടത്താനിരുന്നതെന്ന് നിഗമനം...
സിറിയൻ അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ (2.5 മൈൽ) അകലെയാണ് അപകടമുണ്ടായ പ്രദേശം. സിറിയയിൽ ലെബനനിലേക്കാൾ ഇന്ധനവില അധികമായതിനാൽ തന്നെ, ടാങ്കറിലെ ഇന്ധനം സിറിയയിലേക്ക് കടത്താനുള്ള ശ്രമമായിരുന്നോ എന്നതിൽ വ്യക്തതയില്ല.
2020 ഓഗസ്റ്റ് നാലിന് ബെയ്‌റൂട്ടിലെ തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തിൽ 214 പേർ കൊല്ലപ്പെട്ടിരുന്നു. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണിത്.