ബെയ്ജിങ്: നാല് കൊവിഡ് വാക്സിനുകൾക്ക് കൂടി ആഭ്യന്തര വിപണിയിൽ അനുമതി നൽകി ചൈന. ഇവ കയറ്റുമതി ചെയ്യാനും ചൈന അനുമതി നൽകിയിട്ടുണ്ട്. ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സ്, സിനോവാക് ലൈഫ് സയൻസസ് , കാൻസിനോ ബയോളജിക്സ് ഇങ്ക്, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സ് എന്നീ കമ്പനികളാണ് നാല് വാക്സിനുകൾ നിർമ്മിക്കുന്നത്. ചൈനയിലെ വാണിജ്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വാക്സിനുകളുടെ വിവരങ്ങൾ പുറത്ത് വിട്ടത്.
നിർമാണം ഊർജിതമാക്കി
ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക്ട്സും സിനോവാക് ലൈഫ് സയൻസസും നിർമ്മിച്ച രണ്ട് വാക്സിനുകൾ അടിയന്തര ഉപയോഗത്തിനായി ലോകാരോഗ്യ സംഘടന ഇതിനകം പട്ടികപ്പെടുത്തിയിട്ടുണ്ട്. ചൈനയിൽ വൻ തോതിൽ ഈ വാക്സിനുകൾ നിർമ്മിക്കുന്നുണ്ടെന്നും, 100 ഓളം രാജ്യങ്ങളിൽ ഇവ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഗുണനിലവാരം ഉറപ്പാക്കും
വാക്സിനുകളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും വ്യാപാര കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ചൈനീസ് സർക്കാർ അറിയിച്ചു,. വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിലും, ഉൽപന്ന വിതരണം വർധിപ്പിക്കുന്നതിനും വാക്സിൻ നിർമ്മാതാക്കൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇത് വാക്സിനുകൾ എല്ലാ രാജ്യങ്ങൾക്കും മിതമായ നിരക്കിൽ ലഭ്യമാക്കാൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.
Also Read: സൈകൊവ്-ഡി : എട്ട് ദിവസത്തിനകം അടിയന്തര ഉപയോഗ അനുമതി തേടും
മറ്റ് രാജ്യങ്ങളുമായി ചേർന്നുള്ള വാക്സിൻ നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ചൈനയിൽ നിന്ന് വാക്സിനുകൾ വാങ്ങുന്നതിന് വിദേശ രാജ്യങ്ങളെ സഹായിക്കുമെന്നും ചൈനീസ് അധികൃതർ പറഞ്ഞു.
സിനോവാകും സിനോഫാമുംമാണ് ലോകാരോഗ്യ സംഘനടനയുടെ അംഗീകാരം ലഭിച്ച് രണ്ട് ചൈനീസ് വാക്സിനുകൾ. ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന പദ്ധതിയായ കോവാക്‌സിലും സിനോവാക് വാക്‌സിന്‍ ഉള്‍പ്പെടും.