ലണ്ടൻ: അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്‍റ് ഹമീദ് കർസായി പാകിസ്ഥാൻ മുസ്‌ലിം ലീഗ്-(നവാസ്) (പി.എം.എൽ-എൻ) മേധാവി നവാസ് ഷെരീഫിനെ ലണ്ടനിലെ അവെൻഫീൽഡ് അപ്പാർട്ട്മെന്‍റിലെത്തി സന്ദർശിച്ചു. നവാസ് ഷെരീഫിന്‍റെ മക്കളായ ഹസ്സനും ഹുസൈൻ നവാസും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മുന്‍ പാകിസ്ഥാൻ പ്രധാനമന്ത്രിയെ സന്ദർശിച്ചത് ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കാനാണെന്ന് കർസായി വ്യക്തമാക്കി.
ഷരീഫിനെ ആരോഗ്യവാനായി കാണാനാണ് ആഗ്രഹമെന്നും എന്നാല്‍ ഏറെ ക്ഷീണിതനായാണ് കാണാന്‍ സാധിച്ചതെന്നും കർസായി മാധ്യമങ്ങളോട് പറഞ്ഞു. അഴിമതി ആരോപണത്തിൽ ഏഴ് വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിൽ ഇറങ്ങിയ ഷരീഫ് ഒരു മാസത്തിനുശേഷം എയർ ആംബുലൻസിൽ നവംബർ 19 ന് ലണ്ടനിലേക്ക് കടക്കുകയായിരുന്നു. നാഷണൽ അകൗണ്ടബിലിറ്റി ബ്യൂറോയുടെ (എൻഎബി) കസ്റ്റഡിയിലായിരുന്നു അദ്ദേഹം.