ഇസ്ലാമാബാദ്: ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്‍റെ (എഫ്‌എടിഎഫ്) ചാര പട്ടികയിൽ നിന്ന് പുറത്തു കടക്കാനാവാതെ പാകിസ്ഥാൻ. അന്താരാഷ്ട്ര ഫണ്ടുകളിലേക്ക് പ്രവേശിക്കുന്നതിന് വേണ്ട 27 വ്യവസ്ഥകൾ പാലിക്കുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് ഗ്രേ ലിസ്റ്റിൽ തുടരുന്നത്. എഫ്‌എടിഎഫിന്‍റെ വെർച്വൽ പ്ലീനറി മീറ്റിംഗിലാണ് തീരുമാനം.
2018 ജൂണിലാണ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഗ്രേ ലിസ്റ്റിലെ 27 വ്യവസ്ഥകളിൽ 21 എണ്ണം മാത്രമാണ് പാകിസ്ഥാന് പൂർത്തീകരിക്കാനായത്. ചാര പട്ടികയിൽ നിന്ന് പുറത്തുകടക്കാനുള്ള ഏക മാർഗം 27 വ്യവസ്ഥകളും പാലിക്കുകയാണെന്ന് എഫ്‌എടിഎഫ് വ്യക്തമാക്കി. അതേസമയം, പാകിസ്താൻ കരിമ്പട്ടികയിൽ വീഴുന്നത് കാണാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.
ആഗോള കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിയില്ലാതാക്കാൻ രാജ്യം സ്വീകരിച്ച നടപടികൾ കൊണ്ട് പാകിസ്ഥാനെ എഫ്എടിഎഫിന്‍റെ കരിമ്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികൾ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കർമപദ്ധതിയിൽ പരാമർശിച്ച 27 വ്യവസ്ഥകളിൽ 21 എണ്ണം പാകിസ്ഥാൻ പാലിച്ചിട്ടുണ്ടെന്നും രാജ്യം സ്വീകരിച്ച നടപടികൾ ലോകം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.