കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുമായി 14 പേർ മരിച്ചു. നിരവധി വീടുകളും വയലുകളും റോഡുകളും വെള്ളത്തിൽ മുങ്ങി. ഗതാഗതം തടസപ്പെട്ടു.
വ്യാഴാഴ്‌ച രാത്രി ആരംഭിച്ച മഴ 10 ജില്ലകളിലെ 60,674 കുടുംബങ്ങളെ മഴ ബാധിച്ചു എന്ന് ദേശീയ ദുരന്ത നിവാരണ കേന്ദ്ര മേധാവി മേജർ ജനറൽ സുധാന്ത രണസിംഗെ വ്യക്തമാക്കി. 3500 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി 72 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. 10 പേർ വെള്ളപ്പൊക്കത്തിലും നാലു പേർ മണ്ണിടിച്ചിലിലുമാണ് മരിച്ചത്. ഗമ്പഹ (2), രത്‌നപുര (3), കൊളംബോ (1), പുത്തലം (1), കലുതാര (1), കെഗല്ലെ (5), ഗാലെ (1) എന്നീ സ്ഥലങ്ങളിൽ നിന്നാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. കനത്ത മഴയിൽ കലുതാര, ഗമ്പഹ, കൊളംബോ, രത്‌നപുര, കെഗല്ലെ തുടങ്ങി നിരവധി ജില്ലകൾ വെള്ളത്തിനടിയിലായി.
വരും ദിവസങ്ങളിൽ കൂടുതൽ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന അറിയിപ്പ്. കൂടാതെ നാഷണൽ ബിൽഡിങ് റിസർച്ച് ഓർഗനൈസേഷൻ (എൻബിആർഒ) മണ്ണിടിച്ചിൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Also Read: കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം