ബീജിംഗ്: കൊറോണ ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 213 ആയി. നിലവില്‍ 9,692 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. രോഗത്തിന്‍റെ പ്രഭവകേന്ദ്രമായ മധ്യ ഹ്യൂബി പ്രവിശ്യയിൽ മാത്രം 204 പേരാണ് മരിച്ചത്. ഇവിടെ 5806 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഇന്ത്യയടക്കം 20 ഓളം രാജ്യങ്ങളിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് ബാധയെ രാജ്യാന്തര ആരോഗ്യ അടിയന്തര സാഹചര്യമയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ആരോഗ്യരംഗത്ത് പിന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളെ സഹായിക്കാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും ഈ രാജ്യങ്ങളില്‍ വൈറസ് പടരാനുള്ള സാധ്യതയാണ് ഏറ്റവും വലിയ ആശങ്കയെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപിച്ചതോടെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ചൈനയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവ ചുനിംഗ് മാധ്യമങ്ങളെ അറിയിച്ചു.