ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ചരുടെ എണ്ണം 1,321 ആയി. ഇന്ന് മാത്രം 448 പേർക്കും കഴിഞ്ഞ ദിവസം 419 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പാകിസ്ഥാനിൽ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ചത് സിന്ധ് പ്രവിശ്യയിലാണ്. പഞ്ചാബിൽ സ്ഥിരീകരിച്ച 448 കേസുകളിൽ 207 കേസും ദേരാ ഗാസി ഖാൻ ജില്ലയിൽ നിന്നാണ്.
ഇറാനിൽ നിന്നും എത്തിയവർക്കാണ് കൂടുതലായും വൈറസ് ബാധ കണ്ടെത്തിയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഉസ്‌മാൻ ബുസ്‌ദാർ പറഞ്ഞു. ഖൈബർ പഖ്‌തുൻഖ്വയിൽ 180 കേസുകളും, ബലോചിസ്ഥാനിൽ 133 കേസുകളും, ഗിൽഗിത്-ബാൾട്ടിസ്ഥാനിൽ 91, ഇസ്ലാമാബാദിൽ 27 കേസുകളും, പാകിസ്ഥാൻ അധിനിവേശ കശ്‌മീരിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്‌തു. ഫൈസലാബാദിൽ 22 വയസുള്ളയാൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഫൈസലാബാദിൽ മാത്രമുള്ള മരണസംഖ്യ അഞ്ചായി. കൊവിഡ് ബാധയെ പ്രതിരോധിക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനായി എട്ട് ചൈനീസ് ഡോക്‌ടർമാരുടെ സംഘം പാകിസ്ഥാനിലെത്തും.