ലാഹോര്‍: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കൊവിഡ് മരണം ആയിരം കടന്നു. 62 പേർ കൂടി മരിച്ചതോടെ പ്രവിശ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,031 ആയി. രാജ്യത്ത് കൊവിഡ് മരണം ആയിരം കടക്കുന്ന ആദ്യ പ്രവിശ്യയാണ് പഞ്ചാബ്. 1,537 കേസുകളാണ് ഇവിടെ പുതുതായി റിപ്പോര്‍ട്ട് ചെയ്‌തത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഇതോടെ 53,721ആയി.
കൊവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുന്നതിനാൽ തലസ്ഥാനമായ ലാഹോറിലെ ചില പ്രദേശങ്ങൾ നാളെ അർധരാത്രി മുതൽ 15 ദിവസത്തേക്ക് പൂർണമായും അടച്ചിടുമെന്ന് ആരോഗ്യമന്ത്രി യാസ്‌മീൻ റാഷിദ് അറിയിച്ചു. ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് സർക്കാര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ടുവെന്ന ആരോപണം തെറ്റാണെന്നും ആരോഗ്യമന്ത്രി വാദിച്ചു. മാധ്യമങ്ങൾ ഞങ്ങളെ ന്യൂസിലാന്‍റും തായ്‌വാനുമായൊക്കെയാണ് താരതമ്യപ്പെടുത്തുന്നത്. ന്യൂസിലാന്‍റിലെ ജനസംഖ്യ ലാഹോറിലെ ജനസംഖ്യയുടെ പകുതിയാണ്. ജനസാന്ദ്രതയുള്ള കുറവുള്ള രാജ്യത്ത് വൈറസിനെ നിയന്ത്രിക്കുന്നത് എളുപ്പമാണെന്നും യാസ്മീൻ റാഷിദ് കൂട്ടിച്ചേര്‍ത്തു. ബലൂചിസ്ഥാനിന് ശേഷം പാകിസ്ഥാനിലെ ഏറ്റവും വലുതും ജനസാന്ദ്രത കൂടിയതുമായ പ്രവിശ്യയാണ് പഞ്ചാബ്.