സിയോൾ: ദക്ഷിണ കൊറിയയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 2022 ആയി ഉയർന്നു. പുതിയതായി 256 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്ത് 13 പേരാണ് കൊവിഡ് 19 ബാധിച്ച് മരിച്ചത്.
വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ പകുതിയിലധികവും സിയോളിൽ നിന്ന് 300 കിലോമീറ്റർ ദൂരത്തുള്ള ഷിൻചോഞ്ചി ചർച്ച് ഓഫ് ജീസസ് സ്ഥിതി ചെയ്യുന്ന തെക്കുകിഴക്കൻ നഗരമായ ഡേഗു പ്രദേശത്ത് നിന്നുള്ളവരാണ്. 256 കേസുകളിൽ 182 എണ്ണം ഡേഗുവിലും 49 എണ്ണം അയൽ പ്രദേശമായ നോർത്ത് ജിയോങ്‌സാങ് പ്രവിശ്യയിലുമാണ്. വരും ദിവസങ്ങളിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണം.