ബെയ്‌ജിങ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 722 ആയി. ഇന്നലെ മാത്രം 86 പേരാണ് മരണപ്പെട്ടത്. ഡിസംബറിലാണ് രോഗം പടരാൻ തുടങ്ങിയത്. 3,399 പുതിയ കേസുകൾ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്താകമാനം 34,500 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു.
2002-2003 കാലഘട്ടത്തിൽ ഹോങ്കോങിലും ചൈനയുടെ മറ്റ് ഭാഗങ്ങളിലുമായി പടർന്ന കൊറോണക്ക് സമാനമായ മറ്റൊരു വൈറസ് ബാധയായിരുന്നു സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം(എസ്‌എആർഎസ്). ഈ വൈറസ് ബാധയിൽ 650 പേരാണ് ചൈനയിൽ മരിച്ചത്. ലോകത്താകമാനം 120ലധികം പേരും മരിച്ചു.
രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് രോഗബാധിത പ്രദേശങ്ങളിലും മറ്റുമുള്ള ജനങ്ങൾ പുറത്തിറങ്ങാതെ വീടിനകത്ത് തന്നെ ഇരിക്കാനുള്ള ജാഗ്രതാ നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. നിലവിൽ പല രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. ചൈനയിലേക്കും, ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാൻ വിവിധ രാജ്യങ്ങളിലെ സർക്കാർ ജനങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ നിന്നുള്ള കപ്പലിലെ 61 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു.