ബെയ്‌ജിങ്: വൈറസ് ഭീതിയിൽ ചൈന. അജ്ഞാത വൈറസ് ബാധയേറ്റ് ചൈനയിൽ രണ്ട് പേർ മരിച്ചു. എസ്എആർഎസ് വൈറസുകളോട് ഇവയ്‌ക്ക് സാമ്യമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേർ ഗുരുതര നിലയിൽ ആശുപത്രിയിലാണ്. എസ്എആർഎസ്(സിവിയർ അക്യൂട്ട് റെസ്‌പിറേറ്ററി സിൻഡ്രോം) വൈറസുകൾ കാരണം 2002 മുതൽ 2003 വരെ ഏകദേശം 650 പേരോളം ഹോങ്കോങിൽ മരണപ്പെട്ടതായാണ് കണക്കുകൾ.
പുതിയ പതിനേഴ് കേസുകളാണ് വൈറസുമായി ബന്ധപ്പെട്ട് ചൈനയിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. വുഹാൻ നഗരത്തിൽ 62 പേരെ വൈറസ് കീഴടക്കികഴിഞ്ഞു. അതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. 19 പേർ വൈറസിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു, മറ്റുള്ളവർ ചികിത്സയിലാണ്. ശ്വാസകോശത്തെയാണ് പ്രധാനമായും വൈറസ് ബാധിക്കുന്നത്.
ലണ്ടനിലെ ഇംപീരിയൽ കോളജിലെ എംആർസി സെന്‍റർ ഫോർ ഗ്ലോബൽ ഇൻഫെക്‌ഷ്യസ് ഡിസീസ് അനാലിസിസ് ശാസ്‌ത്രജ്ഞർ വെള്ളിയാഴ്‌ച പുറത്തുവിട്ട വിവരമനുസരിച്ച് നഗരത്തിലെ കേസുകളുടെ എണ്ണം 1,700 ആയിരിക്കുമെന്ന് കണ്ടെത്തി. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യത കണ്ടെത്തിയിട്ടില്ലെന്ന് വുഹാൻ ആരോഗ്യ കമ്മീഷൻ മുമ്പ് പറഞ്ഞിട്ടുണ്ടെങ്കിലും സാധ്യത തള്ളിക്കളയാനാകില്ല. ജപ്പനിൽ നിന്ന് ഒന്നും തായ്‌ലന്‍റിൽ രണ്ടും കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്യപ്പെട്ടു. ചൈനയിൽ ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല.