ബെയ്‌ജിങ്: ഇന്ത്യയാണ് പ്രകോപനമുണ്ടാക്കിയതെന്ന ആരോപണവുമായി ചൈന. ഇന്ത്യ സമവായം ലംഘിച്ചുവെന്നും അനധികൃതമായി അതിര്‍ത്തി കടന്ന് ചൈനീസ് സൈനികരെ ആക്രമിച്ചുവെന്നും ചൈന കുറ്റപ്പെടുത്തി. ജൂണ്‍ 15ന് രണ്ടു തവണയാണ് അതിര്‍ത്തി ലംഘിച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതെന്നും ഇത് ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിന് വഴിവെച്ചെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ വ്യക്തമാക്കി. ഇന്ന് നടന്ന പതിവ് പ്രസ് കോണ്‍ഫറന്‍സിനിടെയാണ് വിദേശകാര്യ വക്താവിന്‍റെ പ്രസ്‌താവന.
അതിര്‍ത്തി കടക്കരുതെന്നും പ്രകോപനം നടത്തരുതെന്നും അതിര്‍ത്തിയിലെ സാഹചര്യം സങ്കീര്‍ണമാക്കുന്ന ഏകപക്ഷീയമായ നടപടികളൊന്നും സ്വീകരിക്കരുതെന്നും ഇന്ത്യയോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്നുവെന്നും സൈനികരെ ഇന്ത്യ നിയന്ത്രിക്കണമെന്നും ചൈനീസ് വക്താവ് കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി വിഷയത്തില്‍ ഇരു രാജ്യങ്ങളും ചര്‍ച്ച തുടരുകയാണ്.