ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ദിർ കോളനിയിലെ ഇസ്‌ലാമിക മതപഠന സ്ഥാപനത്തിന് സമീപം ചൊവ്വാഴ്ച രാവിലെ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഏഴ് കുട്ടികൾ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാമിഅ സുബൈരിയ മദ്രസയുടെ പ്രധാന ഹാളിൽ പണ്ഡിതന്‍ പ്രഭാഷണം നടത്തുന്നതിനിടെയാണ് ബോംബാക്രമണം നടന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വഖാർ അസിം പറഞ്ഞു.
മദ്രസയിൽ ആരോ ബാഗ് ഉപേക്ഷിച്ച് പോവുകയും നിമിഷങ്ങൾക്കകം ബോംബ് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അഫ്ഗാനിസ്ഥാന്‍റെ അതിർത്തിയിലുള്ള പാകിസ്ഥൻ ഖൈബർ പഖ്തുൻഖ്‌വ പ്രവിശ്യയുടെ പ്രവിശ്യാ തലസ്ഥാനമാണ് പെഷവാർ. സമീപകാലങ്ങളിൽ പ്രവിശ്യ ഇത്തരം തീവ്രവാദ ആക്രമണങ്ങളുടെ സ്ഥിരം വേദിയായിരുന്നു. അടുത്തിടെ, തെക്കുപടിഞ്ഞാറൻ നഗരമായ ക്വറ്റയിൽ നടന്ന ബോംബാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.