മോസ്‌കോ: കിഴക്കൻ റഷ്യയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബെലോറൂസ് ചരക്ക് വിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. മൂന്ന് ബെലോറൂസ് പൗരന്മാരും രണ്ട് റഷ്യക്കാരും രണ്ട് ഉക്രേനിയൻ പൗരന്മാരുമാണ് മരണപ്പെട്ടതെന്നും അധികൃതർ വ്യക്തമാക്കി.
ബെലോറൂസ് കാരിയറായ ഗ്രോഡ്‌നോയുടെ സോവിയറ്റ് നിർമ്മിത എഎന്‍-12 വിമാനമാണ് കിഴക്കൻ സൈബീരിയയിലെ ഇർകുട്‌സ്‌കിന് സമീപം തകർന്ന് തീപിടിച്ചത്. ലാന്‍ഡിങ്ങിനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിന് ശേഷം രണ്ടാം ശ്രമത്തിലാണ് വിമാനം തകര്‍ന്നതെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അപകട കാരണം വ്യക്തമായിട്ടില്ല. 1950-കളിൽ രൂപകല്പന ചെയ്ത നാല് എഞ്ചിനുകളുള്ള ടർബോപ്രോപ്പ് കാർഗോ വിമാനമാണ് എഎന്‍-12.