ധാക്ക: അലാവുദ്ദീൻ ഖാന്‍റെ ജന്മദേശമായ ബ്രഹ്മൻബാരിയ ജില്ലയിലെ സെൻട്രൽ പബ്ലിക് ലൈബ്രറിക്ക് ഹെഫസാത്ത് തീവ്രവാദികൾ തീയിട്ടു. ധാക്ക, നോർഷിംഗ്ഗി, നാരായൺഗഞ്ച്, ബ്രഹ്മൻബാരിയ, ചിറ്റഗോംഗ്, സിൽഹെറ്റ്, രാജ്‌ഷാഹി അടക്കമുള്ള ജില്ലകളിലാണ് ഹെഫസാത്ത് ഇ ഇസ്ലാം പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പണിമുടക്ക് പുരോഗമിക്കുന്നതിനിടെയായിരുന്നു ഈ നീക്കം. ദീർഘ ദൂര ബസ് സർവീസുകൾ ബന്ധിനെ തുടർന്ന് പ്രവർത്തിച്ചിരുന്നില്ല.
നാരായൺഗഞ്ച് മദാനിനഗർ മദ്രസ വിദ്യാർഥികൾ ടയറുകൾ കത്തിച്ച് ധാക്ക-ചിറ്റഗോംഗ് ഹൈവേയിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഹെഫസാത്ത് ഇ-ഇസ്‌ലാമിന്‍റെ ബാനറിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാം പ്രവർത്തകർ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഘോഷയാത്രകൾ നടത്തി. രണ്ടിടങ്ങളിലായി സർക്കാർ ബസുകൾ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മഖ്‌ധം പൊലീസ് സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സെയ്‌ഫുൾ ഇസ്ലാം ഖാൻ പറഞ്ഞു.