ധാക്ക: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ മൊബൈൽ സേവനം പുനഃസ്ഥാപിച്ച് ബംഗ്ലാദേശ്. അതിര്‍ത്തി പ്രദേശങ്ങളിലെ ജനജീവിതം പരിഗണിച്ചാണ് തിങ്കളാഴ്‌ച നിര്‍ത്തിവെച്ച സേവനം പുനഃസ്ഥാപിച്ചത്. ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി കമ്മിഷൻ(ബിടിആര്‍സി) രാജ്യത്തെ നാല് മൊബൈൽ ഫോൺ ഓപ്പറേറ്റർമാരായ ഗ്രാമീൺഫോൺ, റോബി, ബംഗ്ലാ ലിങ്ക്, ടെലിടോക്ക് എന്നിവർക്ക് മൊബൈല്‍ സേവനങ്ങൾ പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. ബുധനാഴ്‌ച രാവിലെ 11 മണി സേവനം ലഭ്യമായി തുടങ്ങിയെന്ന് മൊബൈൽ ടെലികോം ഓപ്പറേറ്റർ അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.എം.ഫർഹാദ് അറിയിച്ചു.
ബിടിആർസിയുടെ നിർദേശത്തെ തുടർന്നായിരുന്നു മൊബൈൽ ഫോൺ കമ്പനികൾ തിങ്കളാഴ്‌ച ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിലെ ഒരു കിലോമീറ്റര്‍ പരിധിയില്‍ നെറ്റ്‌വർക്ക് സേവനങ്ങൾ നിര്‍ത്തിവെച്ചത്. ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി അസദുസമാൻ ഖാൻ കമാലും വിദേശകാര്യമന്ത്രി എ.കെ.അബ്‌ദുല്‍ മോമനും പ്രതികരിച്ചത്. എന്നാല്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് ഇന്ത്യയിലുണ്ടായ പ്രതിഷേധങ്ങളാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഇന്ത്യയും മ്യാന്‍മറുമായും അതിര്‍ത്തി പങ്കിടുന്ന 32 ജില്ലകളിലെ ഒരു കോടിയോളം ജനങ്ങളെയായിരുന്നു സേവനം നിര്‍ത്തിവെച്ചത് ബാധിച്ചത്.