ധാക്ക: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്ന ഹസീന ഒരു ഡസനോളം ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കും. ബംഗ്ലാദേശിലും ഇന്ത്യയിലും പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടന്ന ശേഷമുള്ള ഹസീനയുടെ ഡൽഹി സന്ദർശനമാണിത്.
ശനിയാഴ്ചയാണ് ഹസീനയും മോദിയും ഉഭയകക്ഷി ചർച്ച നടത്തുന്നത്. ഒക്ടോബർ മൂന്ന്, നാല് തീയതികളിൽ ലോക സാമ്പത്തിക ഫോറം സംഘടിപ്പിക്കുന്ന ഇന്ത്യാ സാമ്പത്തിക ഉച്ചകോടിയിൽ മുഖ്യാതിഥിയാണ് ഹസീന.
തീസ്‌ത നദീജല പ്രശ്നം, റോഹിംഗ്യൻ പ്രതിസന്ധി, അതിർത്തി കൊലപാതകം കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തുമെന്നും വിവിധ വിഷയങ്ങൾ അവലോകനം ചെയ്യുമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ കെ അബ്ദുൾ മോമെൻ പറഞ്ഞു.