ധാക്ക: അതിർത്തി ജില്ലകളിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയുമായുള്ള അതിർത്തി ജൂൺ 30 വരെ തുറക്കില്ലെന്ന് ബംഗ്ലാദേശ്. ജൂൺ 13ന് നടന്ന മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമായിരുന്നു തീരുമാനം. ഇത് സംബന്ധിക്കുന്ന വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഏപ്രിൽ 26ന് ബംഗ്ലാദേശ് ഇന്ത്യയുമായുള്ള അതിർത്തി രണ്ടാഴ്‌ചത്തേക്കായി അടച്ചിരുന്നു. ഇന്ത്യയിൽ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് മെയ് എട്ടിനും മെയ് 29നും അതിർത്തി അടച്ചിടുന്നത് നീട്ടുകയായിരുന്നു.
ബംഗ്ലാദേശിലെയും പ്രതിദിന കൊവിഡ് മരണവും കൊവിഡ് കേസുകളും ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഞായറാഴ്‌ച 47 കൊവിഡ് മരണമാണ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്‌തത്. പുതുതായി 2,436 കൊവിഡ് കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു.