കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ നിലവിലെ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി വിജയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. 50.65 ശതമാനം വോട്ടുകള്‍ അഷ്‌റഫ് ഘാനി സ്വന്തമാക്കിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. വോട്ടിങ് മെഷീനില്‍ കൃതൃമം നടന്നിട്ടുണ്ടെന്ന ആരോപണത്തില്‍ തെരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചിരിക്കുകയായിരുന്നു. അതേ സമയം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുണ്ടെങ്കില്‍ തങ്ങളെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. അബ്ദുള്ള അബ്ദുള്ളയായിരുന്നു ഘാനിയുടെ പ്രധാന എതിരാളി. അതേസമയം തെരഞ്ഞെടുപ്പിന്‍റെ പൂര്‍ണമായ ഫലം എപ്പോള്‍ പുറത്തുവിടുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടില്ല.
ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 50 ശതമാനത്തിലധികം വോട്ട് ഒരു പാര്‍ട്ടി നേടി കഴിഞ്ഞാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ് രാജ്യത്തെ നിയമം. അങ്ങനെ നോക്കുകയാണെങ്കില്‍ നിലവില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിന് സാധ്യതയില്ല. അതേസമയം വോട്ടണ്ണലില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണം പ്രതിപക്ഷം വീണ്ടും ഉയര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും. ഘാനി 50.65 ശതമാനം വോട്ട് നേടിയെന്ന് പറയുമ്പോഴും എതിര്‍ സ്ഥാനാര്‍ഥികളുടെ വോട്ട് ശതമാനം എത്രയാണെന്ന് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. ഇത് ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം വീണ്ടും രംഗത്തെത്താന്‍ സാധ്യതയുണ്ട്. താലിബാന്‍ മേഖലയില്‍ നിന്ന് അമേരിക്ക സൈന്യത്തെ പൂര്‍ണമായും പിന്‍വലിച്ച സാഹചര്യത്തില്‍ വളരെ പ്രാധാന്യമേറിയതായിരുന്നു തെരഞ്ഞെടുപ്പ്. ഇനിയുള്ള നാളുകളില്‍ താലിബാനുമായി ചര്‍ച്ച നടത്താനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം പ്രസിഡന്‍റിനാണ്. കഴിഞ്ഞ 18 വര്‍ഷമായി അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്നു അഫ്‌ഗാന്‍ അതിര്‍ത്തി.