ലാഹോർ: പാകിസ്ഥാനിൽ മോഷണ ശ്രമം ആരോപിച്ച് നാല് സ്‌ത്രീകളെ വിവസ്‌ത്രരാക്കി മർദിച്ചു. ഫൈസലാബാദിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പടെ നാല് പേരെയാണ് സംഘം ആളുകൾ ചേർന്ന് വിവസ്‌ത്രരാക്കി മർദിച്ചത്.
വസ്‌ത്രം നൽകാൻ അപേക്ഷിക്കുന്ന സ്‌ത്രീകളെ വടികൊണ്ട് തല്ലുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു മണിക്കൂറോളമാണ് ഇവരെ റോഡിലൂടെ നടത്തിപ്പിച്ചത്. സംഭവത്തിൽ പഞ്ചാബ് പൊലീസ് കേസെടുത്തു.
കേസിൽ ഇതിനകം അഞ്ച് പേരെ അറസ്റ്റു ചെയ്‌തെന്ന് പഞ്ചാബ് പൊലീസ് വക്താവ് ട്വീറ്റ് ചെയ്‌തു. കേസിൽ പ്രതികളെ നിയമത്തിന് കീഴിൽ കൊണ്ടുവരുമെന്നും പൊലീസ് അറിയിച്ചു. സദ്ദാം ഉൾപ്പടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് വ്യക്തമാക്കി.
സ്‌ത്രീകൾ പറയുന്നു...
മാലിന്യം ശേഖരിക്കാനായാണ് ഫൈസലാബാദിലെ ബാവ ചാക്ക് മാർക്കറ്റിലെത്തിയത്. ദാഹിച്ചതിനെ തുടർന്ന് ഉസ്‌മാൻ ഇലക്‌ട്രിക് സ്‌റ്റോറിൽ കയറി വെള്ളം ചോദിച്ചു. എന്നാൽ ഉടമ സദ്ദാം മോഷണ ശ്രമത്തിനാണ് കടയിൽ കയറിയതെന്ന് ആരോപിച്ച് കൂട്ടാളികളോടൊപ്പം ചേർന്ന് മർദിക്കാൻ തുടങ്ങി. തുടർന്ന് വിവസ്‌ത്രരാക്കി മർദിച്ച് റോഡിലൂടെ നടത്തുകയായിരുന്നുവെന്ന് സ്‌ത്രീകൾ പറയുന്നു.
സ്ഥലത്തുണ്ടായ ആരും തന്നെ ഇത് തടയാൻ ശ്രമിച്ചില്ലെന്നും പരാതിക്കാരി പറയുന്നു.