കാബൂൾ: കാബൂളിൽ ഇന്ന് പുലർച്ചെയുണ്ടായ സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പടെ മൂന്ന് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ ടെലിവിഷൻ ചാനലായ ടോളോ ന്യൂസിലെ മാധ്യമ പ്രവർത്തകൻ യമ സിയാവാഷാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം.
സ്ഫോടനത്തിൽ യമ സിയാവാഷിനൊപ്പമുണ്ടായിരുന്ന രണ്ടു പേരും കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകൻ സഞ്ചരിച്ച വാഹനത്തെ ലക്ഷ്യമിട്ട് ഐഇഡി സ്ഫോടനമാണ് ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.