വാഷിങ്ടണ്‍: ലോക നേതാക്കളുമായുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ഫോണ്‍ സംഭാഷണവുമായി ബന്ധപെട്ട രേഖകൾ രഹസ്യമാക്കിവെക്കാന്‍ വെറ്റ്ഹൗസ് തീരുമാനം. അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾ സൂക്ഷിക്കുന്ന കമ്പ്യൂട്ടർ സിസ്റ്റത്തില്‍ ഇവ സൂക്ഷിക്കാനാണ് വൈറ്റ്ഹൗസ് തീരുമാനം. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമർ പുട്ടിനും സൗദി രാജകുടുംബവും അടക്കമുള്ള ലോക നേതാക്കളും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളുമായി ബന്ധപെട്ട രേഖകളാണ് ഇത്തരത്തില്‍ സൂക്ഷിക്കുക. അടുത്തിടെ ട്രംപിന്‍റെ ഫോണ്‍ സംഭാഷണവുമായി ബന്ധപെട്ട രേഖകൾ ചോർന്നതിനെ തുടർന്നാണ് നടപടിയെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
യുക്രൈനിയൻ പ്രസിഡന്‍റ് വൊളദിമിർ സെലിൻസ്‍കിയോട് കഴിഞ്ഞ ജൂലൈ 25-ന് ട്രംപ് നടത്തിയ ഫോണ്‍ കോൾ പുറത്തായത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മുന്‍ വൈസ് പ്രസിഡന്‍റ് ജോ ബൈഡനും അദ്ദേഹത്തിന്‍റെ മകനുമായി ബന്ധപെട്ട അഴിമതി ആരോപണങ്ങൾ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി അന്വേഷിക്കണമെന്ന് ട്രംപ് ആവശ്യപെടുന്ന ഫോണ്‍ സംഭാഷണവുമായി ബന്ധപെട്ട രേഖകളാണ് പുറത്ത് വന്നത്. ഇവയും അനധികൃതമായി അതീവ രഹസ്യ സ്വഭാവമുള്ള രേഖകൾക്കൊപ്പം സൂക്ഷിച്ചോ എന്ന് സംശയിക്കുന്നതായും മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഫോണ്‍ രേഖ ചോർന്നതുമായ വിവാദം ശക്തമായതിനെ തുടന്ന് അമേരിക്കയുടെ യുക്രൈനിയൻ പ്രത്യക പ്രതിനിധി കുർട് വോൾക്കർ രാജിവച്ചിരുന്നു. വോൾക്കറിന്‍റെ പേര് വൈറ്റ്ഹൗസ് റിപോർട്ടുകളില്‍ പരാമർശിച്ചതായും മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു.