വാഷിംഗ്ടൺ: കൊവിഡ് 19 വാക്സിൻ വർഷാവസാനത്തോടെ ലഭ്യമാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റം സംഭവിക്കുമെന്നും ട്രംപ് പറഞ്ഞു.
11,57,687 കേസുകളാണ് യുഎസിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 67,674 പേർ മരിച്ചതായാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ആഗോള തലത്തിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 3.5 ദശലക്ഷം കവിഞ്ഞു. മരണം 247,306 ആയി. ഈ സാഹചര്യത്തിൽ ലോകമെമ്പാടും കൊവിഡിനെതിരെ വാക്സിൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്.
ബ്രിട്ടനിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. അമേരിക്കയിൽ വിവിധ ലാബുകളിലായി കുറഞ്ഞത് 115 വാക്സിൻ പ്രോജക്ടുകൾ നടക്കുന്നുണ്ടെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് 19 നെതിരെ ഒരു വാക്സിൻ കണ്ടെത്തുമ്പോൾ അത് ലോകമെമ്പാടുമുള്ള ഓരോ വ്യക്തിക്കും പ്രയോജനപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു.