വാഷിങ്‌ടൺ: റഷ്യയും ഉക്രെയ്‌നും തമ്മിൽ വർധിച്ചുവരുന്ന സംഘർഷം ലഘൂകരിക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെ സ്വാഗതം ചെയ്യുമെന്ന് അമേരിക്ക. ഇത് സംബന്ധിച്ച് നിരവധി സഖ്യകക്ഷികളുമായും പങ്കാളികളുമായും സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായി ഇതുവരെ ചർച്ചകളിലേർപ്പെട്ടിട്ടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് ജെൻ സാകി അറിയിച്ചു.
മേഖലയിൽ വർധിച്ച് വരുന്ന ആശങ്കകള്‍ക്ക് കാരണം റഷ്യയാണെന്നാണ് അമേരിക്കയുടെ ആരോപണം. റഷ്യ അധിനിവേശത്തിന് തയാറെടുക്കുകയാണെന്നും കടന്നു കയറ്റമുണ്ടായാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും പ്രസിഡന്‍റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉക്രെയ്‌ന് പിന്തുയുമായി 8,500ഓളം യുഎസ് സൈനികരെ മേഖലയിൽ നിയോഗിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ജോൺ കിർബിയും അറിയിച്ചു.
ALSO READ: നാസയുടെ ജെയിംസ് വെബ് ലക്ഷ്യസ്ഥാനത്ത്; ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ അകലം
ഉക്രെയ്‌ന്‍ അതിര്‍ത്തിയിലെ റഷ്യയുടെ സൈനിക വിന്യാസത്തിന്‍റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അയക്കുകയാണ് നാറ്റോ അംഗരാജ്യങ്ങള്‍. റഷ്യ നടത്തുന്ന സൈനിക വിന്യാസത്തിന് മറുപടിയായി കൂടുതല്‍ കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിച്ച് അടിയന്തര സാഹചര്യം നേരിടാന്‍ സേനയെ സജ്ജരാക്കുകയാണെന്നും നാറ്റോ തിങ്കളാഴ്ച പറഞ്ഞു.
അതേസമയം അമേരിക്കയുടെ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിച്ചു. തങ്ങൾ ഒരു രാജ്യത്തെയും ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് റഷ്യയുടെ പ്രതികരണം.