വാഷിങ്ടണ്‍: അമേരിക്കയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 530ലെത്തി. ഒറിഗണ്‍, കാലിഫോര്‍ണിയ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകമെങ്ങും വൈറസ് പടര്‍ന്നു പിടിക്കുകയാണ്. 3,800 പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും 1,09,000 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തുവെന്നാണ് കണക്ക്.
കൊവിഡ് 19 സ്ഥീരീകരിച്ച രാജ്യങ്ങളിലേക്ക് അടുത്തിടെ യാത്ര ചെയ്യാത്തവരിലും രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്താത്തവരിലും വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ ഉദ്യോസ്ഥര്‍ പറയുന്നത്. യുഎസിലെ മുപ്പതോളം സംസ്ഥാനങ്ങളില്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നൂറിലധികം രാജ്യങ്ങളില്‍ കൊവിഡ് 19 ന്‍റെ പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ചൈന, ജപ്പാന്‍, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കും തിരിച്ചും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി.
കൊവിഡ് 19 വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ 8.3 ബില്യൺ യുഎസ് ഡോളർ അടിയന്തര സഹായത്തിന് സെനറ്റ് അംഗീകാരം നൽകി. ആവശ്യമായ ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ച് നഴ്‌സുമാര്‍ മുന്നറിയിപ്പ് നല്‍കിയത് തന്‍റെ സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. വൈറസിനെ നേരിടുന്നതിനായി മികച്ച പദ്ധതിയാണ് നടപ്പിലാക്കുന്നതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അതിര്‍ത്തികള്‍ നേരത്തെ അടച്ചു.