ബെയ്ജിങ്: ലോകാരോഗ്യ സംഘടനയുമായുള്ള അന്താരാഷ്ട്ര ബാധ്യതകൾ ഒഴിവാക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ടെന്നും ബെയ്ജിങിനെ ദുര്‍വ്യാഖ്യാനം നടത്തി അമേരിക്കയുടെ കഴിവില്ലായ്മയെ മറക്കാൻ ശ്രമിക്കുന്നതായും ചൈന.
ലോകാരോഗ്യ സംഘടനക്ക് മുഴുവൻ സംഭാവനയും കൃത്യസമയത്ത് നൽകുന്നത് അന്താരാഷ്ട്ര ഏജൻസിയിലെ ഓരോ അംഗത്തിന്‍റെയും ബാധ്യതയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു.
അടുത്ത 30 ദിവസത്തിനുള്ളിൽ വലിയ മെച്ചപ്പെടുത്തലുകൾ ഉണ്ടായില്ലെങ്കിൽ അന്താരാഷ്ട്ര ഏജൻസിക്ക് ധനസഹായം നൽകുന്നത് യുഎസ് പൂർണമായും നിർത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പറയുന്നു.
വൈറസ് പടരുന്നതിനെക്കുറിച്ചുള്ള വിശ്വസനീയമായ റിപ്പോർട്ടുകൾ അവഗണിക്കുകയാണെന്നും ബെയ്ജിങിന്‍റെ സമ്മർദത്തെത്തുടർന്ന് മാരകമായ പകർച്ചവ്യാധിയെക്കുറിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ അവകാശവാദങ്ങൾ ലോകാരോഗ്യ സംഘടന ഉന്നയിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
ലോകാരോഗ്യ സംഘടനയുടെ 'ചൈന കേന്ദ്രീകൃത' നയങ്ങൾ ചൂണ്ടിക്കാണിച്ച് സംഘടനക്ക് നൽകിയിരുന്ന സംഭവാന താൽകാലികമായി നിർത്തിവെക്കാൻ ഏപ്രിലിൽ അമേരിക്കൻ പ്രസിഡന്‍റ് ഉത്തരവിട്ടിരുന്നു. വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനീസ് നഗരമായ വുഹാനിലെ ഒരു ലബോറട്ടറിയിൽ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് ട്രംപും അദ്ദേഹത്തിന്‍റെ കീഴിലുള്ള നിരവധി അംഗങ്ങളും ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ ലോകാരോഗ്യസംഘടനയും ചൈനയും നിഷേധിക്കുകയായിരുന്നു.