വാഷിങ്ടണ്‍ : യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുസഭയുടെ അടിയന്തരയോഗം വിളിക്കുന്നത് സംബന്ധിച്ച യുഎന്‍ രക്ഷാസമിതി വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. അസാധാരണ സന്ദര്‍ഭങ്ങളില്‍ മാത്രമേ പൊതുസഭയുടെ അടിയന്തര യോഗം ചേരാറുള്ളൂ. അതേസമയം റഷ്യയും യുക്രൈനും ചര്‍ച്ചയ്ക്ക് തയ്യാറായതിനെ ഇന്ത്യ സ്വാഗതം ചെയ്തു. ബെലാറുസ് അതിര്‍ത്തിയിലാണ് ഇരുപക്ഷവും ചര്‍ച്ച നടത്തുക.
പൊതുസഭയുടെ അടിയന്തരയോഗം വേണമെന്നുള്ള പ്രമേയത്തില്‍ രക്ഷാസമിതിയിലെ 15 രാജ്യങ്ങളില്‍ 11 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്‌തപ്പോള്‍ റഷ്യ എതിര്‍ത്ത് വോട്ട് ചെയ്തു. ഇന്ത്യയെ കൂടാതെ ചൈനയും യുഎഇയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎന്‍ പ്രക്രിയകളുമായി ബന്ധപ്പെട്ട പ്രമേയമായതിനാല്‍ രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങള്‍ക്ക് വീറ്റോ അധികാരമില്ല.
ഭൂരിപക്ഷ വോട്ടിന്‍റെ അടിസ്ഥാനത്തില്‍ പ്രമേയം പാസായതിനാല്‍ ഇന്നുതന്നെ പൊതുസഭയുടെ അടിയന്തരയോഗം ചേരും. 1950ന് ശേഷം 10 തവണമാത്രമേ യുഎന്‍ പൊതുസഭയുടെ അടിയന്തര യോഗം ഇതിനുമുമ്പ് ചേര്‍ന്നിട്ടുള്ളൂ. യുക്രൈനിലെ ആക്രമണം റഷ്യയോട് ഉടനെ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയം സ്ഥിരം അംഗം എന്ന നിലയില്‍ റഷ്യ തന്നെ വീറ്റോചെയ്തിരുന്നു. ഇതിന്‍മേലുള്ള വോട്ടെടുപ്പിലും ഇന്ത്യയും, ചൈനയും, യുഎഇയും വിട്ട് നിന്നിരുന്നു.
യുക്രൈന്‍ റഷ്യ സംഘര്‍ഷ വിഷയത്തില്‍ രക്ഷാസമിതി അവസാനമായി കൂടിയ സമയത്തേക്കാള്‍ യുക്രൈനിലെ സ്ഥിഗതികള്‍ കൂടുതല്‍ ഗുരുതരമായത് ദുഖകരമാണെന്ന് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ടി. എസ് തിരുമൂര്‍ത്തി പറഞ്ഞു. സംഭാഷണത്തിന്‍റേയും നയതന്ത്രത്തിന്‍റേയും പാതയല്ലാതെ വിഷയത്തില്‍ മറ്റൊരു പരിഹാരമാര്‍ഗമില്ല. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരുടെ സുരക്ഷയില്‍ രാജ്യത്തിന് അതിയായ ആശങ്കയുണ്ടെന്നും തിരുമൂര്‍ത്തി പറഞ്ഞു.
ALSO READ: LIVE Updates | ആക്രമണം കടുപ്പിച്ച് റഷ്യ ; ചെറുത്ത് നിന്ന് യുക്രൈൻ
യുക്രൈന്‍ അതിര്‍ത്തികളിലെ സങ്കീര്‍ണവും അനിശ്ചിതവുമായ സാഹചര്യം തങ്ങളുടെ രക്ഷാദൗത്യത്തെ ബാധിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുക എന്ന മാനുഷിക ആവശ്യത്തെ ഉടന്‍തന്നെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്ന് തിരുമൂര്‍ത്തി യുഎന്നില്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യങ്ങള്‍ അതിന്‍റെ പൂര്‍ണതയില്‍ പരിഗണിച്ചാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യുഎന്‍ പൊതുസഭയുടെ ഈ സമ്മേളനകാലത്തെ അധ്യക്ഷന്‍ അബ്ദുള്ള ഷാഹിദ് മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാനായി ജനീവയിലേക്ക് പോകാനുള്ള തന്‍റെ യാത്ര മാറ്റിവച്ചിട്ടുണ്ട്. അബ്ദുള്ള ഷാഹിദ് യുക്രൈനിന്‍റെ യുഎന്നിലെ സ്ഥിരം പ്രതിനിധിയുമായി ചര്‍ച്ച നടത്തിയിരുന്നു. യുക്രൈനിലെ സാഹചര്യവും ആ രാജ്യം എന്താണ് പൊതുസഭയോട് ആവശ്യപ്പെടുക എന്നുള്ള കാര്യവും സ്ഥിരം പ്രതിനിധി അബ്ദുള്ള ഷാഹിദിനോട് ചര്‍ച്ചചെയ്തു. യുക്രൈനിലെ സാഹചര്യം പരിഗണിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയ ഗുട്ടറസും അദ്ദേഹത്തിന്‍റെ ജനീവയിലേക്കുള്ള യാത്ര മാറ്റിവച്ചിട്ടുണ്ട്.
193 അംഗരാജ്യങ്ങളുള്ള യുഎന്‍ പൊതുസഭയിലെ പ്രമേയത്തിന് പ്രതീകാത്മകമായ പ്രാധാന്യം മാത്രമേയുള്ളൂ. അതേസമയം രക്ഷാകൗണ്‍സിലിലെ പ്രമേയം അംഗരാജ്യങ്ങള്‍ക്ക് നിയമപരമായ ബാധ്യതയാണ്. ക്രിമിയ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്തിന് ശേഷം റഷ്യ നടത്തിയ ഹിതപരിശോധന അസാധുവാക്കികൊണ്ട് യുഎന്‍ പൊതുസഭ 2014ല്‍ പ്രമേയം പാസാക്കിയിരുന്നു. 100നെതിരെ 11 വോട്ടുകള്‍ക്കാണ് അന്ന് പ്രമേയം പാസാക്കിയത്. യുക്രൈനിന്‍റെ അഖണ്ഡതയെ പ്രമേയം പിന്തുണയ്‌ക്കുകയായിരുന്നു.