വാഷിങ്ടണ്‍: താലിബാന്‍ - അമേരിക്ക സമാധാന കരാര്‍ ഭാഗികമായി പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ഫോണിൽ സംസാരിച്ചു. മാർച്ച് 10 ന് അഫ്‌ഗാന്‍ സർക്കാരുമായി നടക്കാനിരിക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ രണ്ട് നേതാക്കളും നേരത്തെ താലിബാനോട് ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണത്തില്‍ താലിബാന്‍ വിഷയമാണ് കൂടുതല്‍ ചര്‍ച്ചായായതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. അഫ്‌ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ താലിബാനുമായി സമാധാന കരാര്‍ ഒപ്പിടണമെന്ന അമേരിക്കന്‍ നിലപാടിന് ഖത്തര്‍ പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. താലിബാന്‍ നേതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും, പ്രതീക്ഷ നല്‍കുന്ന പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.
ഫെബ്രുവരി 29ന് ദോഹയില്‍ വച്ചാണ് അമേരിക്ക - താലിബാന്‍ സമാധാന കരാറില്‍ ഇരുകക്ഷികളും ഒപ്പുവച്ചത്. 18 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് ഒപ്പുവച്ച കരാര്‍ പ്രകാരം 14 മാസത്തിനുള്ളില്‍ അവസാന അമേരിക്കന്‍ സൈനികനും അഫ്‌ഗാന്‍ മണ്ണില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുകയാണെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനിലെ ജയിലുകളിലുള്ള 5000 താലിബാൻ തടവുകാരെ വിട്ടയക്കണമെന്ന കരാറിലെ നിർദേശം അഫ്‌ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനി തള്ളിയിരുന്നു. പിന്നാലെ നിലപാട് മാറ്റിയതായി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്‌ഗാനിസ്ഥാന്‍ സര്‍ക്കാരുമായി ഐക്യത്തിനില്ലെന്ന് പ്രഖ്യാപിച്ച താലിബാന്‍ അമേരിക്കന്‍ സൈനികരെ ആക്രമിക്കില്ലെന്നും അറിയിച്ചിരുന്നു.