ന്യൂയോർക്ക് : ഭീകരവാദത്തെ രാഷ്‌ട്രീയ ഉപകരണമായി ഉപയോഗിക്കുന്ന രാജ്യങ്ങൾക്കുതന്നെ അത് ഭീഷണിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ അസംബ്ലിയുടെ 76-ാമത് സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് പരാമര്‍ശം. പാകിസ്ഥാനെ പേരെടുത്തുപറയാതെയാണ് പ്രധാനമന്ത്രി പ്രസ്‌താവന നടത്തിയത്.
ഭീകരതയും തീവ്രവാദ ആക്രമണങ്ങളും നടത്താൻ അഫ്‌ഗാനിസ്ഥാന്‍റെ മണ്ണ് ആരും ഉപയോഗിക്കുന്നില്ലെന്ന് ലോകരാജ്യങ്ങൾ ഉറപ്പ് വരുത്തണം. അഫ്‌ഗാനിലെ കുട്ടികളും, ന്യൂനപക്ഷ വിഭാഗങ്ങളും ഉൾപ്പെടുന്ന ഒരു വലിയ ജനവിഭാഗത്തിന് സഹായം ആവശ്യമുണ്ട്. ഇക്കാര്യത്തിൽ രാജ്യങ്ങൾ അവരുടെ ഉത്തരവാദിത്തം നിറവേറ്റണം.
തീവ്രവാദ ഭീഷണി ലോകത്തിന്‍റെ പല ഭാഗങ്ങളും അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തിൽ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള യുക്തിസഹവും പുരോഗമനപരവുമായ ചിന്ത ലോകം മുഴുവൻ പുരോഗതിയുടെ അടിസ്ഥാനമാക്കണം.
ഇന്ത്യയുടെ വൈവിധ്യമാണ് ശക്തമായ ജനാധിപത്യത്തിന്‍റെ സ്വത്വം. ഡസൻ കണക്കിന് ഭാഷകളും നൂറുകണക്കിന് ഭാഷാഭേദങ്ങളും വ്യത്യസ്ത ജീവിതശൈലികളുമെല്ലാമുള്ള ഒരു രാജ്യമാണ് ഇന്ത്യയെന്നും മോദി യുഎന്‍ പൊതുസഭയില്‍ പറഞ്ഞു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൊവിഡ് വാക്‌സിൻ നിർമാതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി ജനങ്ങളെ സേവിക്കുക എന്നതാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്ന് അറിയിച്ചു. കൊവിഡ് ബാധിച്ച് ജീവൻ വെടിഞ്ഞവർക്ക് പ്രസംഗത്തിനിടെ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു.
യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് സെഷൻ ചൊവ്വാഴ്‌ചയാണ് ന്യൂയോർക്കില്‍ ആരംഭിച്ചത്. കൊവിഡിൽ നിന്ന് കരകയറാനും, സുസ്ഥിരമായി പുനർനിർമിക്കാനും, ഗ്രഹത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കാനും ജനങ്ങളുടെ അവകാശങ്ങളെ മാനിക്കാനും ആഹ്വാനം ചെയ്യുന്നതാണ് സമ്മേളനം. ഐക്യരാഷ്ട്രസഭയെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതിരോധം പ്രതീക്ഷയിലൂടെ കെട്ടിപ്പടുക്കുക എന്നതാണ് ഈ വർഷത്തെ പൊതു ചർച്ചയുടെ വിഷയം.