കാലിഫോര്‍ണിയ: തെക്കൻ കാലിഫോർണിയയിൽ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം. ഇന്നലെ രാവിലെയാണ് റിക്‌ടർസ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി. എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. ലോസ് ഏഞ്ചൽസിന് വടക്കുകിഴക്കായി ഇനിയോ, സാൻ ബെർണാർഡിനോ, കെർൺ കൗണ്ടികൾ എന്നിവിടങ്ങളിലായാണ് രാവിലെ 10:33ന് ഭൂചലനം അനുഭവപ്പെട്ടത്. റിഡ്ഗെക്രസ്റ്റിന് സമീപമായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിഡ്‌ജ്ക്രസ്റ്റ് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും മരണങ്ങൾ, ഗുരുതരമായ പരിക്കുകൾ, എന്നിവ സംബന്ധിച്ച് റിപ്പോർട്ടുകൾ ഒന്നും തന്നെയില്ലെന്ന് അധികൃതർ അറിയിച്ചു.
റിഡ്‌ജ്ക്രസ്റ്റ് റീജിയണൽ ആശുപത്രിയിൽ നിന്ന് രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ജെയിംസ് സുവർ പറഞ്ഞു. 20 ഓളം രോഗികളെയാണ് മറ്റ് ആശുപത്രിയിലേക്ക് മാറ്റിയത്.