വാഷിങ്‌ടൺ: കൊവിഡും വാക്‌സിനേഷനും സംബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. രൂക്ഷമായ വിമർശനാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ബൈഡൻ ഉന്നയിച്ചിരിക്കുന്നത്.
വൈറസ് വ്യാപനത്തെക്കുറിച്ച്, വാക്‌സിൻ എടുക്കുന്നതിലെ സുരക്ഷിതത്വം സംബന്ധിച്ചും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോർട്ടുകള്‍ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമേരിക്കൻ പ്രസിഡന്‍റ്.
വാക്‌സിനേഷനെതിരെ വ്യാജവാർത്തകള്‍ പ്രചരിപ്പിക്കുന്ന സമൂഹമാധ്യമങ്ങള്‍ ജനങ്ങളെ കൊല്ലുകയാണെന്ന് ബൈഡൻ പറഞ്ഞു. രാജ്യത്തിന്‍റെ പല ഭാഗത്തും വാക്‌സിനേഷൻ നിരക്ക് കുറവാണെന്ന് രാജ്യത്തെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടർ റോച്ചൽ വലൻസ്‌കി പറഞ്ഞിരുന്നു. വാക്‌സിൻ എടുക്കാൻ ജനങ്ങള്‍ തയാറാകുന്നില്ലെന്നാണ് സർക്കാര്‍ വിലയിരുത്തല്‍.
ഫേസ്‌ബുക്കിന് വിമർശനം
അതേസമയം കൊവിഡിനെക്കുറിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ നിയന്ത്രിക്കാൻ ഫേസ്ബുക്ക് വേണ്ടത്ര ശ്രമിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പ്രചരിക്കുന്ന വാക്‌സിൻ വിരുദ്ധ നീക്കങ്ങളില്‍ 65 ശതമാനവും നടക്കുന്നത് സമൂഹമാധ്യമങ്ങള്‍ വഴിയാണെന്നാണ് സര്‍ക്കാർ കണ്ടെത്തൽ. ഇത്തരം വാർത്തകള്‍ പ്രചരിപ്പിച്ച 12 പേര്‍ക്കെതിരെ നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങള്‍ രാജ്യത്തിന്‍റെ വാക്‌സിൻ പോളിസി പൂർണമായി വിജയിപ്പിക്കുന്നതിന് തടസമാണെന്ന് വിദ്‌ഗധർ അഭിപ്രായപ്പെടുന്നു.
also read: "ഡെല്‍റ്റ അതിവേഗം വ്യാപിക്കും" ; കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന