ന്യൂയോർക്ക്: റഷ്യയിലെ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തിയവരുടെ പട്ടികയിൽ മാസ്റ്റർകാർഡും വിസയും. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് കമ്പനികളുടെ തീരുമാനം. കഴിഞ്ഞ ദിവസം റഷ്യയിൽ സേവനങ്ങൾ താത്കാലികമായി നിർത്തുന്നുവെന്ന് പേപാൽ അറിയിച്ചിരുന്നു.
സാമ്പത്തിക രംഗത്ത് വലിയ പ്രഹരമാണ് അധിനിവേശത്തെ തുടർന്ന് റഷ്യക്ക് നേരിടേണ്ടി വരുന്നത്. റഷ്യൻ ബാങ്കുകൾ നൽകുന്ന കാർഡുകളെ കമ്പനി പിന്തുണക്കില്ലെന്നും റഷ്യക്ക് പുറത്ത് നൽകുന്ന ഒരു കാർഡും റഷ്യൻ സ്റ്റോറുകളിലും എടിഎമ്മുകളിലും പ്രവർത്തിക്കില്ലെന്നും മാസ്റ്റർകാർഡ് ശനിയാഴ്‌ച പറഞ്ഞു. തങ്ങളെടുത്ത തീരുമാനത്തെ നിസാരമായി കാണുന്നില്ലെന്നും ഉപഭോക്താക്കൾ, പങ്കാളികൾ, സർക്കാരുകൾ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് റഷ്യയിൽ സേവനം താത്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനമെടുത്തതെന്നും മാസ്റ്റർകാർഡ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
വരും ദിവസങ്ങളിൽ റഷ്യയിലെ എല്ലാ സേവനങ്ങളും അവസാനിപ്പിക്കാൻ രാജ്യത്തെ ഉപഭോക്താക്കളുമായും പങ്കാളികളുമായും പ്രവർത്തിക്കുകയാണെന്ന് വിസ അറിയിച്ചു. റഷ്യൻ യുദ്ധവും സമാധാനത്തിനും സുസ്ഥിരതയ്ക്കും നേരെയുള്ള ഭീഷണിയും തങ്ങളുടെ മൂല്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുകയാണെന്ന് വിസ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അൽ കെല്ലി പറഞ്ഞു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് ശേഷം റഷ്യക്ക് മേലുള്ള സാമ്പത്തിക സമ്മർദം വർധിപ്പിക്കാനുള്ള നീക്കങ്ങൾ ലോകമെമ്പാടുമുള്ള മറ്റ് പല കമ്പനികളും നടത്തിയിട്ടുണ്ട്.
Also Read: ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക അതിക്രമം; ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ