വാഷിങ്‌ടണ്‍: സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം മാനിക്കണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് അമേരിക്ക ആസ്ഥാനമായുള്ള ഹിന്ദു സംഘടന. കനേഡിയൻ ജനതയുടെ അവകാശത്തെ മാനിക്കണമെന്ന് ഹിന്ദു പാക്റ്റ് ട്രൂഡോയോട് അഭ്യർഥിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഏതൊരു ജനാധിപത്യത്തിലും മൗലികമാണെന്ന് സംഘടന പ്രസ്‌താവനയില്‍ പറഞ്ഞു. വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുന്നതിനായി രാജ്യത്ത് അടിയന്തരാവസ്ഥ പുറപ്പെടുവിച്ചത് കാനഡയെ സംബന്ധിച്ചിടത്തോളം പരിതാപകരമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.
കാനഡയിലെ പ്രതിഷേധങ്ങളെക്കുറിച്ചും അവയെ നേരിടാൻ സ്വീകരിക്കുന്ന ക്രൂരമായ നടപടികളെക്കുറിച്ചുമുള്ള വാർത്തകളില്‍ ആശങ്കയുണ്ടെന്ന് സംഘടന പ്രസ്‌താവനയില്‍ വ്യക്തമാക്കി. 'സ്ഥിതിഗതികൾ ആശങ്കാജനകമാണ്, ഞങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് എല്ലാവരും വളരെ ആശങ്കാകുലരാണ്,' ഹിന്ദു പാക്‌റ്റിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഉത്സവ് ചക്രബർത്തി പറഞ്ഞു.
സ്വസ്‌തികയെ നാസി ചിഹ്നമായി കൂട്ടിക്കുഴക്കരുതെന്ന് ട്രൂഡോയോടും ന്യൂ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്‌മീത് സിങിനോടും സംഘടന ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ നാസി ചിഹ്നം പ്രദര്‍ശിപ്പിക്കുന്നുവെന്ന് ജഗ്‌മീത് സിങ് ആരോപിച്ചിരുന്നു.
സ്വസ്‌തികയെ തെറ്റായി ചിത്രീകരിക്കുന്നത് ഹിന്ദുക്കൾക്കും സിഖുകാർക്കുമെതിരെ വിദ്വേഷമുണ്ടാകാനാണ് വഴിയൊരുക്കുകയെന്നും കഴിഞ്ഞ ഒരു മാസത്തിനിടെ കാനഡയിൽ ആറ് ഹിന്ദു ക്ഷേത്രങ്ങൾ തകർക്കുകയും കൊള്ളയടിക്കുകയുമുണ്ടായെന്നും സംഘടന ചൂണ്ടികാട്ടി.
Also read: കൊവിഡ് മാനദണ്ഡം: കാനഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു