ന്യൂയോർക്ക്: ന്യൂയോർക്കിൽ നടന്ന അൾട്ടിമേറ്റ് ഫൈറ്റിങ്ങ് ചാമ്പ്യൻഷിപ്പ് (യുഎഫ്‌സി) പരിപാടിയിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ഉയർന്നത് കടുത്ത പ്രതിഷേധം. ഉയർന്ന റാങ്ക് പദവിയുള്ള ഉദ്യോഗസ്ഥന്മാരെക്കൂടാതെ മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക് ട്രംപ് എന്നിവരും ട്രംപിനൊപ്പം മിക്‌സഡ് മാർഷ്യൽ ആർട്ട്സ് (എംഎംഎ) പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ശനിയാഴ്‌ച രാത്രിയിൽ നടന്ന ചടങ്ങിൽ ഒരു വിഭാഗത്തില്‍ നിന്നും വമ്പൻ സ്വീകരണമാണ് ട്രംപിന് ലഭിച്ചതെങ്കിൽ മറ്റൊരു വിഭാഗം കടുത്ത ആക്ഷേപമുന്നയിച്ചു. "ട്രംപിനെ നീക്കംചെയ്യുക", " ട്രംപിനെ പ്രതിരോധിക്കുക" എന്നിങ്ങനെയുള്ള പ്രതിഷേധങ്ങളും പരിപായിയിൽ ഉയർന്നുകേട്ടു. അമേരിക്കൻ പ്രസിഡന്‍റിനെതിരെ കാണികളുടെ ആക്ഷേപമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ അദ്ദേഹത്തിന്‍റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ട്രംപിനെ പ്രശംസിച്ച് ട്വീറ്റ് ചെയ്‌തു. സ്വീകരണ പരിപാടി വളരെയധികം പോസിറ്റീവ് ആയിരുന്നെന്ന് ട്രംപ് ജൂനിയര്‍ കുറിച്ചു. ട്രംപിന്‍റെ ദീർഘകാല സുഹൃത്തായ യുഎഫ്‌സി പ്രസിഡന്‍റ് ഡാന വൈറ്റ് 25 വർഷത്തിനിടയിൽ അദ്ദേഹം കണ്ട അങ്ങേയറ്റം ആവേശകരമായ പരിപാടിയെന്ന് ഇതിനെ വിശേഷിപ്പിച്ചെന്നുവെന്നും ജൂനിയർ ട്രംപ് പറയുന്നു. അതേ സമയം മാഡിസൺ സ്ക്വയർ ഗാർഡൻ അരീനയിൽ ട്രംപ് വിരുദ്ധ പ്രതിഷേധവും നടന്നിരുന്നു.
ഒക്ടോബർ 27 ന് തലസ്ഥാനത്ത് നടന്ന ബേസ്ബോൾ വേൾഡ് സീരീസിൽ പ്രസിഡന്‍റും ഭാര്യ മെലാനിയ ട്രംപും എത്തിയപ്പോൾ അദ്ദേഹത്തിനെതിരായുള്ള വിവാദത്തെയും അന്വേഷണത്തെയും പരാമർശിച്ച് ട്രംപിനെ 'അറസ്റ്റ് ചെയ്യുക' എന്ന രീതിയിൽ മുദ്രാവാക്യങ്ങൾ ഉയർന്നതാണ് പ്രതിഷേധത്തിന്‍റെ തുടക്കം.