വാഷിങ്ടൺ: മ്യാൻമറിൽ സംഭവിച്ചതു പോലെയുള്ള സൈനിക അട്ടിമറി യുഎസിലും സംഭവിക്കണമെന്ന് ട്രംപ് ഭരണകൂടത്തിലെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിൻ. ടെക്സസിലെ ഡാളസിൽ നടന്ന ക്വാനോൺ ഗൂഢാലോചന സിദ്ധാന്തത്തെ പിന്തുണക്കുന്ന നിരവധി പേർ പങ്കെടുത്ത "ഫോർ ഗോഡ് & കൺട്രി പാട്രിയറ്റ് റൗണ്ട്അപ്പ്" എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഫ്ലിൻ.
മാസങ്ങളായി ക്വാനോണും ട്രംപിനെ പിന്തുണയ്ക്കുന്ന ഓൺലൈൻ ഫോറങ്ങളും മ്യാൻമറിലെ സൈനിക അട്ടിമറി ആഘോഷിക്കുകയും അമേരിക്കയിലും അതുപോലെ സംഭവിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തുവെന്നും എങ്കിൽ മാത്രമേ ട്രംപിനെ വീണ്ടും പ്രസിഡന്‍റായി നിയമിക്കാൻ കഴിയൂ എന്ന് പറയുകയും ചെയ്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നു.
Also Read: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ സൈന്യം സിവിലിയൻ സർക്കാരിനെ അട്ടിമറിക്കുകയും ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്. അട്ടിമറി ജനകീയ പ്രതിഷേധത്തിന് കാരണമാവുകയും അക്രമ സംഭവങ്ങൾ മ്യാാൻമറിലുടനീളം സംഭവിക്കുകയും ചെയ്തു.
മ്യാൻമറിൽ അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ നടന്ന സൈനിക ആക്രമണത്തിൽ രാജ്യത്ത് 840 പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റൻസ് അസോസിയേഷൻ ഓഫ് പൊളിറ്റിക്കൽ പ്രിസൺസ് റിപ്പോർട്ട് ചെയ്യുന്നു.