വാഷിങ്ടൺ: നാസയുടെ ചാന്ദ്ര ഓർബിറ്ററിന് ചന്ദ്രയാൻ -2 ലാൻഡര്‍ പതിച്ച സ്ഥലത്തിന്‍റെ ചിത്രങ്ങളെടുക്കാൻ കഴിഞ്ഞുവെന്ന് നാസ. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് നാസയുടെ ചന്ദ്രനിരീക്ഷണ പേടകമായ ലൂണാർ റികനൈസൻസ് ഓർബിറ്റർ (എൽ.ആർ.ഒ.) ചിത്രങ്ങൾ പകർത്തിയത്. എൽ.ആർ.ഒ.യുടെ ക്യാമറയിൽ വിക്രം ലാൻഡർ വീണ സ്ഥലത്തെ ചിത്രങ്ങൾ ലഭിച്ചതായി എൽ.ആർ.ഒ. ഡെപ്യൂട്ടി പ്രോജക്‌ട് സയന്‍റിസ്റ്റ് ജോൺ കെല്ലെർ പറഞ്ഞു. ചിത്രങ്ങൾ നാസ വിശകലനം ചെയ്‌തുവരികയാണ്.
റോവർ പ്രജ്ഞാൻ ഉൾക്കൊള്ളുന്ന ചന്ദ്രയാൻ -2 ന്‍റെ ലാൻഡർ മൊഡ്യൂളായ വിക്രം സെപ്റ്റംബർ ഏഴിന് ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിനടുത്ത് ഇറങ്ങാൻ ശ്രമിച്ച് പരാജയപ്പെട്ടു. വിക്രം ലാൻഡറിന് ഇറങ്ങുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ഇസ്രോയുമായി ആശയവിനിമയം നഷ്‌ടപ്പെട്ടത്. ഇസ്രോയും നാസയും ഭൂമിയിൽ നിന്നുള്ള ബഹിരാകാശ ആന്‍റിനകളുടെ സഹായത്തോടെ വിക്രം ലാൻഡറുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.